നഗരത്തിലെ ജലവിതരണം പ്രതിസന്ധിയിൽ
തിരുവനന്തപുരം: പൊള്ളുന്ന വേനൽച്ചൂടിന് നഗരവാസികളെ വലച്ച് കുടിവെള്ള വിതരണം.കുടിവെള്ള വിതരണത്തിലെ പോരായ്മകൾ പരിഹരിക്കാൻ വാട്ടർഅതോറിട്ടി അധികൃതർ തയ്യാറാവാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. താലൂക്ക് ഓഫീസിൽ പോലും വെള്ളം കിട്ടാത്ത സ്ഥിതിയുണ്ട്.
നഗരത്തിലെ ഉയർന്ന സ്ഥലങ്ങളിൽ മിക്കയിടത്തും ദിവസങ്ങളായി കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. പല സ്ഥലത്തും എല്ലാ ദിവസവും വെള്ളമെത്തുന്നില്ല. എത്തുന്നയിടങ്ങളിൽ തന്നെ ഫോഴ്സ് കുറവാണ്. പൈപ്പ് പൊട്ടൽ,ചോർച്ച എന്നിവയുമായി ബന്ധപ്പെട്ട് വിവിധഭാഗങ്ങളിൽ മിക്കദിവസങ്ങളിലും അറ്റകുറ്റപ്പണി നടക്കാറുണ്ട്. ഇതിനായി വാൽവുകൾ അടച്ചശേഷം പിന്നീട് തുറക്കുമ്പോൾ എയർ നിറഞ്ഞ് പല പൈപ്പ് ലൈനുകളിലും വെള്ളം കടന്നുപോകാത്ത സ്ഥിതിയുണ്ടാകുന്നു. കൂടുതൽ പരാതികളുണ്ടാകുന്ന സ്ഥലങ്ങളിലേക്ക് വാൽവ് തുറന്ന് വെള്ളം നൽകുകയും പിന്നീട് അടയ്ക്കുകയും ചെയ്യുന്ന 'ക്രമീകരണങ്ങളാണ്' പലപ്പോഴും നടത്തുക. കുടിവെള്ള വിതരണത്തെക്കുറിച്ച് പതിവായി പരാതി ഉയരുന്ന ആറ്റുകാൽ,മണക്കാട് മേഖലകളിൽ സ്ഥിതിക്ക് ഇനിയും മാറ്റമുണ്ടായിട്ടില്ല. കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് കുര്യാത്തി വാട്ടർഅതോറിട്ടി ഓഫീസ് കഴിഞ്ഞ ദിവസം ബി.ജെ.പി കൗൺസിലർമാർ ഉപരോധിച്ചിരുന്നു. ഈ മേഖലയിലെ ജലവിതരണത്തിൽ അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപം.
കൂട്ട അവധിക്കൊരുങ്ങി ജീവനക്കാർ
നഗരമദ്ധ്യത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലെ കുടിവെള്ള പ്രശ്നംപോലും പരിഹരിക്കാൻ വാട്ടർ അതോറിറ്റിക്കാവുന്നില്ല. ഇവിടെ മൂന്നു മാസത്തിലേറെയായി ജലവിതരണം അവതാളത്തിലാണ്. വെള്ളമില്ലാത്തതിനാൽ വനിതകളടക്കമുള്ള ജീവനക്കാർ ദുരിതത്തിലാണ്.
നിലവിലെ സാഹചര്യത്തിൽ മുന്നോട്ടുപോകാനാവില്ലെന്നും കൂട്ട അവധിയെടുക്കേണ്ട സ്ഥിതിയാണെന്നും ജീവനക്കാർ വാട്ടർ അതോറിട്ടിയേയും റവന്യൂവകുപ്പിലെ ഉന്നതരെയും അറിയിച്ചിരിക്കുകയാണ്. ആലപ്പുഴ,കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് ജീവനക്കാരിലധികവും. രാവിലെ ഓഫീസിലെത്തിയാൽ പ്രാഥമിക ആവശ്യങ്ങൾക്കുപോലും വെള്ളമില്ലാത്ത അവസ്ഥയുണ്ടെന്നാണ് പരാതി. വരൾച്ച,ദുരന്ത നിവാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാത്രിയിലും ജീവനക്കാർ ഡ്യൂട്ടിയിലുണ്ട്. വിവിധ ആവശ്യങ്ങൾക്ക് ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളും ബുദ്ധിമുട്ടുന്നു. ഇവിടേക്ക് വെള്ളമെത്തുന്ന ലൈനിലെ തകരാറാണ് കാരണമെങ്കിലും ഇതുവരെ പരിഹരിക്കാൻ വാട്ടർ അതോറിട്ടിക്കായിട്ടില്ല.