സംഭരണത്തിന് തയ്യാർ! മില്ലുടമകളെ മുട്ടുകുത്തിച്ച് നെൽക്കർഷകർ

Wednesday 22 April 2026 8:12 AM IST

കോട്ടയം: പ്രതിഷേധങ്ങൾക്കൊടുവിൽ, ദിവസങ്ങളായി തുടരുന്ന നെല്ല് സംഭരണത്തിലെ അനിശ്ചിതത്വത്തിന് പരിഹാരം. കർഷകരുടെ പ്രതിഷേധ സമരത്തിന്റെയും പാഡി ഓഫീസ് ഉപരോധത്തിന്റെയും ഫലമായി നെല്ല് സംഭരണത്തിന് മില്ലുടമകൾ തയ്യാറായി. ഇന്നലെ ഉച്ചയ്‌ക്ക് നെൽക്കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തിലെ കർഷകർ പാഡി ഓഫീസ് ഉപരോധിച്ചിരുന്നു. നെല്ല് സംഭരിക്കാമെന്ന് മില്ലുടമകൾ സമ്മതിച്ചതോടെ

ഉപരോധം രാത്രി 9ന് അവസാനിപ്പിച്ചു, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മൂന്ന് കിലോ കിഴിവിൽ നെല്ല് സംഭരിക്കും. ഇന്ന് ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തിൽ നിന്ന് 10 ലോഡ് സംഭരിക്കും. ബാക്കി അടുത്ത ദിവസം സംഭരിക്കുമെന്നും മില്ലുടമകൾ അറിയിച്ചു.

എം.ഡി.എമ്മിന്റെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച കരാർ കാറ്റിൽപ്പറത്തിയാണ് നെല്ലുസംഭരണത്തിൽ നിന്നും മില്ലുകാർ നേരത്തേ പിൻമാറിയത്. രണ്ട് പഞ്ചായത്തുകളിലുള്ള പാടശേഖരത്തിലെ നെല്ലുസംഭരണം അവസാന ഘട്ടത്തിലേക്ക് നീങ്ങവേയായിരുന്നു മില്ലുടമകളുടെ പിന്മാറ്റം. തുടർന്നാണ് കർഷകർ സമരത്തിലേക്ക് നീങ്ങിയത്.

മൂന്ന് കിലോ കിഴിവിൽ സംഭരണം പാടശേഖരങ്ങളിലെ സംഭരണം ആരംഭിക്കുന്നതിന് മുമ്പ് എ.ഡി.എമ്മിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ, മൂന്നു കിലോ കിഴിവിൽ നെല്ലു സംഭരിക്കാമെന്നായിരുന്നു കരാർ. ആദ്യ ഘട്ടത്തിൽ സംഭരണം സുഗമമായി നടന്നു. മൂവായിരം ഏക്കറിൽ നിന്ന്ഏകദേശം 220 ലോഡ് നെല്ല് സംഭരിക്കുകയും ചെയ്തിരുന്നു. മൂന്നൂറ് ഏക്കറിലെ 25 ലോഡ് അവശേഷിക്കേയാണ് നെല്ലിൽ പതിരിന്റെ അളവ് കൂടുതലാണെന്ന കാരണം പറഞ്ഞു മില്ലുകാർ പിൻവാങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസമായി സംഭരണം നടക്കുന്നില്ല. നെൽക്കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റെജീന അഷ്‌റഫിന്റേത് ഉൾപ്പെടെ നിരവധി കർഷകരുടെ നെല്ല് പാടശേഖരങ്ങളിൽ കിടക്കുകയാണ്. കായൽ നിലങ്ങളിലാണ് നെല്ല് കൂട്ടിയിരിക്കുന്നത്. തണ്ണീർമുക്കം ബണ്ട് തുറന്നതിനാൽ ഉപ്പുവെള്ള ഭീഷണിയും വേനൽ മഴ ഭീഷണിയുമുണ്ട്. മൂന്ന് കിലോ കിഴിവിൽ തന്നെ സംഭരണം തുടരും. നെൽ കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ ലാലി, റജീന അഷ്‌റഫ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.