25 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ടാക്‌സി ഡ്രൈവറായി; ആരും കൊതിക്കുന്ന ജീവിതം സ്വന്തമാക്കി യുവാവ്, ഒപ്പം വൻ വരുമാനവും

Wednesday 22 April 2026 11:03 AM IST

ഒരാൾ തൊഴിൽ രംഗത്ത് വിജയം കൈവരിച്ചു എന്ന് പലരും നിർവചിക്കുന്നത് ഉയർന്ന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. കുറച്ച് വർഷങ്ങൾ മുമ്പുവരെ എല്ലാവരും ചിന്തിച്ചിരുന്നത് ഇങ്ങനെതന്നെയായിരുന്നു. എന്നാൽ, ഇപ്പോൾ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. വൈറ്റ്‌കോളർ ജോലികൾക്ക് മാത്രമേ വിലയുള്ളു എന്ന ചിന്തയിൽ നിന്ന് എല്ലാ ജോലികൾക്കും അതിന്റേതായ മാന്യതയുണ്ടെന്നും നന്നായി പരിശ്രമിച്ചാൽ മാസം നല്ലൊരു തുക സമ്പാദിക്കാനാകുമെന്നും പലരും തിരിച്ചറിഞ്ഞു.

ഉയർന്ന ശമ്പളത്തിനും ഓഫീസ് മുറികളിലെ സമ്മർദങ്ങൾക്കപ്പുറം സന്തോഷവും, ജീവിക്കുന്നു എന്ന തോന്നലും നൽകുന്ന മറ്റൊരുലോകം അവർക്ക് മുന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞവരും ഏറെയാണ്. ഇത്തരത്തിൽ പ്രതിവർഷം 25 ലക്ഷം രൂപ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച ഒരു എംബിഎ ബിരുദധാരിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ജോലി ഉപേക്ഷിച്ച അദ്ദേഹം ടാക്‌സി ഡ്രൈവറായി. മാസം ആറര ലക്ഷം രൂപയാണ് ഇപ്പോൾ അദ്ദേഹം സമ്പാദിക്കുന്നത്. എന്നിട്ടുപോലും സമൂഹത്തിൽ നിന്ന് നേരിടേണ്ടിവന്ന ചോദ്യങ്ങളെപ്പറ്റി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

പുറമേ കാണുന്നവർക്ക് ഉയർന്ന വിദ്യാഭ്യാസം, സ്ഥിരതയും ലക്ഷങ്ങൾ ശമ്പളവുമുള്ള ജോലി എന്നിങ്ങനെ തോന്നിയിരുന്നുവെങ്കിലും ആ യുവാവിന് ജീവിതം അങ്ങനെയായിരുന്നില്ല. മണിക്കൂറുകൾ ഓഫീസിൽ ചെലവഴിക്കുക, സമ്മർദം, ജീവിതത്തിൽ സംതൃപ്‌തി ഇല്ലായ്‌മ എന്നിങ്ങനെ പലതും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒരു ധീരമായ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതും ഇക്കാരണങ്ങൾ തന്നെയാണ്.

ജോലി ഉപേക്ഷിച്ച യുവാവ് ഓല ടാക്‌സി ഡ്രൈവറായി. കുടുംബം ഉൾപ്പെടെ ആരും ഇത് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. സമൂഹത്തിൽ നിന്ന് ഒരുപാട് എതിർപ്പുകൾ കേൾക്കേണ്ടിവന്നു. വിദ്യാഭ്യാസം പാഴായിപ്പോയി, ആഗ്രഹിച്ചതെന്താണ് ഇപ്പോൾ ജീവിക്കുന്നതെങ്ങനെ എന്നുതുടങ്ങി ഓരോ കുത്തുവാക്കുകൾ കേൾക്കാൻ തുടങ്ങി. എന്നാൽ, ഇതിലൊന്നും പ്രതികരിക്കാതെ യുവാവ് മുന്നോട്ടുപോയി.

മൂന്ന് വർഷത്തിനുള്ളിൽ എല്ലാം മാറിമറിഞ്ഞു. പെട്ടെന്നുണ്ടായ വിജയമല്ല. കാലക്രമേണ അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാകാൻ തുടങ്ങി. ടാക്‌സി ഓടിച്ച് തുടങ്ങിയ അദ്ദേഹത്തിന് ഇന്ന് 12 കാറുകൾ സ്വന്തമായിട്ടുണ്ട്. മാസം ആറര ലക്ഷം രൂപ സമ്പാദിക്കുന്നുമുണ്ട്. ഇപ്പോൾ അദ്ദേഹമൊരു ബിസിനസുകാരനാണ്.

ഉയർന്ന ശമ്പളം സംതൃപ്തി ഉറപ്പുനൽകുന്നില്ല എന്ന് ഇതിലൂടെ വ്യക്തമാണ്. എല്ലാം ഉപേക്ഷിച്ച് വീണ്ടും താഴേത്തട്ടിൽ നിന്ന് തുടങ്ങുന്നത് ഒരിക്കലും പരാജയമല്ല. പലരും ചിന്തിക്കേണ്ടതും ഇതുതന്നെയാണ്. ജോലിസ്ഥിരതയും ശമ്പളവുമാണോ അതോ ദീർഘകാലം സ്വാതന്ത്ര്യത്തോടെയുള്ള ജീവിതമോ? ഏവർക്കും ചിന്തിക്കാനുള്ള ഒരു വഴിതെളിച്ച് തന്നിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ.