നസ്രീനയുടെ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് അദ്‌നാൻ; മൂഴിക്കൽ കൊലപാതകത്തിൽ നിർണായക കണ്ടെത്തൽ

Wednesday 22 April 2026 3:21 PM IST

കോഴിക്കോട്: മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി നസ്രീനയെ കൊലപ്പെടുത്തിയ കേസിൽ ദുരൂഹത നീക്കി പൊലീസ്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം മൊബൈൽ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് പ്രതി അദ്‌നാനാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മോഷണം കണ്ടെത്തിയതിലെ ദേഷ്യവും വീട്ടിൽ നിന്ന് പുറത്താക്കിയതിലെ പകയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. നസ്രീനയുടെയും അദ്‌നാന്റെയും ഫോണുകൾ കിണറ്റിൽ നിന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

ഏപ്രിൽ 13ന് രാത്രി ഏഴരയോടെയാണ് അദ്‌നാൻ നസ്രീനയുടെ വീടിനുള്ളിലേക്ക് കയറിയത്. വീടിനുമുൻവശത്ത് വിഷു ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്ന വീട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ അകത്തു കയറിയത്. അതിനുമുമ്പ് ഇയാൾ അടുക്കളഭാഗത്തെ സിസിടിവി ക്യാമറ തിരിച്ചുവച്ചു. പെൺകുട്ടിയുടെ മുറിയിൽ കയറിപ്പറ്റിയ അദ്‌നാൻ എട്ടുമണിയോടെ കൊലപാതകം നടത്തിയെന്നാണ് കരുതുന്നത്.

ഷാൾ കഴുത്തിൽ മുറുക്കിയാണ് ഇയാൾ നസ്രീനയെ കൊലപ്പെടുത്തിയത്. ബഹളം കേട്ട് വീട്ടുകാർ ഓടിയെത്തിയെത്തി. അദ്‌നാനെ വീട്ടുകാർ ചേർന്ന് ഒരുമുറിയിൽ പൂട്ടിയിട്ട ശേഷം ശ്വാസംമുട്ടി പിടഞ്ഞുകൊണ്ടിരുന്ന നസ്രീനയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ, അവിടെയെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിക്കുകയായിരുന്നു.

വീട്ടുകാർ തിരിച്ചെത്തി അദ്‌നാനെ പൂട്ടിയിട്ട മുറി തുറക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴേക്കും മരിച്ചുകിടക്കുന്ന അദ്‌നാനെയാണ് കണ്ടത്. ഇയാളുടെ മുഖത്തും വായിലുമെല്ലാം സെല്ലോടേപ്പ് ചുറ്റിയിരുന്നു.

മുഴീക്കൽ പൂതംകുഴിയിൽ ഹംസ - സഫിയ ദമ്പതികളുടെ കൊച്ചുമക്കളാണ് നസ്രീനയും അദ്‌നാനും. മുഴീക്കലിലെ തറവാടുവീട്ടിലാണ് നസ്രീനയും കുടുംബവും താമസിക്കുന്നത്. അദ്‌നാന്റെ വീട് പൊന്നാനിയിലാണെങ്കിലും ആറുമാസം മുമ്പുവരെ തറവാട്ടുവീട്ടിലാണ് അദ്‌നാനും താമസിച്ചിരുന്നത്. ഇവിടെ നിന്നും പലപ്പോഴായി പണം നഷ്‌ടപ്പെട്ടിരുന്നു. പണം മോഷ്‌ടിച്ചത് അദ്‌നാനാണെന്ന് നസ്രീന വീട്ടുകാരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് തറവാട്ടിൽ നിന്ന് അദ്‌നാനെ പുറത്താക്കിയത്. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.