നാളെ പത്താമുദയ ദിവസം,​ ഇത്തരത്തിൽ പലഹാരമുണ്ടാക്കുന്നവരുടെ വീട്ടിൽ ഐശ്വര്യവും അഭിവൃദ്ധിയും തീർച്ച

Wednesday 22 April 2026 7:55 PM IST

കൃഷിയുമായി ബന്ധപ്പെട്ട് കേരളനാട്ടിൽ രസകരമായ പലവിധ ആചാരങ്ങൾ പതിവുണ്ട്. സൂര്യന്റെ സഞ്ചാരം,​ കാലാവസ്ഥ എന്നിവ കണക്കാക്കി കൃഷി ചെയ്യുന്ന പഴയകാല സംസ്‌കാരത്തിന്റെ ഭാഗമായി നിറപുത്തരി,​ഓണം എന്നിങ്ങനെ പല ആഘോഷങ്ങൾ നമുക്കുണ്ട്. കർക്കിടകം,​ ചിങ്ങ മാസങ്ങളിലാണല്ലോ ഇവ. മേടമാസത്തിൽ വിഷുവും ആഘോഷിക്കാറുണ്ട്. ഇതേ മേടമാസത്തിൽ തന്നെ കേരളത്തിൽ പലയിടത്തും നടത്തുന്ന ചെറിയൊരു ആചാരമാണ് വെള്ളിമുറം കാണിക്കൽ. മേടം പത്തിന് പത്താമുദയ ദിവസം ആയി ആചരിക്കുന്നു. ഇത്തവണ പത്താമുദയം വ്യാഴാഴ്‌ചയാണ്. അന്നേദിവസം വിത്തുവിതയ്‌ക്കാനും തൈനടാനും നമ്മുടെ പൂർവികർ മികച്ച ദിവസമായി ഇതിനെ കാണുന്നു.

പത്താമുദയ ദിവസമാണ് മേടംരാശിയിൽ ഏറ്റവും ഉച്ചത്തിൽ സൂര്യൻ വരുന്ന ദിവസം. ആരോഗ്യം,​ ഐശ്വര്യം,​ ദീർഘായുസ് എന്നിവയ്‌ക്ക് വേണ്ടി ഇതേദിവസം രാവിലെ സൂര്യനുദിച്ചുവരുമ്പോൾ പഴമക്കാർ വിളക്ക് കൊളുത്തി അത് കാണിക്കുന്ന ചടങ്ങ് നടത്തും. ഇങ്ങനെ ചിലയിടങ്ങളിൽ വെള്ളിമുറം കാണിക്കൽ എന്ന ചടങ്ങായാണ് സൂര്യോദയം ആചരിക്കുന്നത്. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി സൂര്യനെ അത് കാണിക്കുന്നു. ഈ അരിപ്പൊടി പിന്നീട് സൂര്യോദയ ശേഷം പലഹാരമാക്കി സൂര്യന്റെ പ്രസാദമാക്കി കഴിക്കും. മേടം രാശിക്കാരായ അശ്വതി,​ ഭരണി,​ കാർത്തികയുടെ ആദ്യത്തെ കാൽ ഭാഗം എന്നീ നക്ഷത്രക്കാർക്ക് ഈ ദിവസം വളരെ മികച്ചതാണ് എന്ന് വിശ്വസിക്കപ്പെടുന്നു.