നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം
വെടിമരുന്നിന്റെ ഗന്ധം പലപ്പോഴും മരണത്തെ ഓർമ്മിപ്പിക്കുന്നതാണ്. വെടിക്കെട്ട് നിർമ്മാണശാലകളുടെ കൂടെപ്പിറപ്പായി തന്നെ സ്‌ഫോടനങ്ങളെയും കാണേണ്ടിവരും. ഒരിക്കലെങ്കിലും അപകടമുണ്ടാകാത്ത ഒരു പടക്കശാലയും ഒരിടത്തുമില്ല. ഒരു ചെറിയ പിഴവിൽ പൊട്ടിത്തെറിക്കാനായാണ് കരിമരുന്ന് കാത്തിരിക്കുന്നത്. എത്രയൊക്കെ സുരക്ഷാ മുൻകരുതലുകൾ പാലിച്ചാലും നിയമങ്ങൾ കർശനമായി നടപ്പാക്കിയാലും ആ പിഴവ് എപ്പോൾ, എങ്ങനെ സംഭവിക്കുമെന്ന് ആർക്കും പറയാനാകില്ല. ദുരന്തങ്ങൾക്ക് ശേഷമുള്ള വിശദമായ പരിശോധനയിലും അന്വേഷണത്തിൽ പോലും സ്‌ഫോടനത്തിന് ഇടയാക്കിയ യഥാർത്ഥ പിഴവ് എന്തായിരുന്നുന്നെന്ന് കണ്ടെത്താൻ കഴിയാറില്ല. ആ പിഴവും പിഴവിനിടയാക്കിയ മനുഷ്യരും പൊട്ടിത്തെറിക്കൊപ്പം മണ്ണിൽ കരിഞ്ഞമരുകയാണ് ചെയ്യുന്നത്. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വെടിക്കെട്ട് ദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു.
തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലുണ്ടായ അത്യുഗ്ര സ്ഫോടനം കേരളത്തെ നടുക്കുകയും കരയിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 14 പേരുടെ ജീവനാണ് ചിന്നിച്ചിതറി പൊലിഞ്ഞത്. പത്തിലേറെപ്പേർ അതീവ ഗുരുതരാവസ്ഥയിൽ മരണത്തോട് മല്ലിട്ട് ആശുപത്രികളിൽ കഴിയുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിലെ വിരുദു നഗറിൽ 25 പേരുടെ മരണത്തിനിടയാക്കിയ പടക്ക നിർമ്മാണശാലയിലെ സ്ഫോടനത്തിന്റെ നടുക്കം മാറും മുമ്പാണ് കേരളത്തിലും വെടിക്കെട്ട് ദുരന്തം ഉണ്ടായിരിക്കുന്നത്. തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോട് കുട്ടൻകുളത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. മരണമടഞ്ഞ പടക്കനിർമ്മാണ തൊഴിലാളികളിൽ പലരുടെയും ശരീരങ്ങൾ പല കഷണങ്ങളായി ചിതറിപ്പോയി. ഏതാനും ചില തൊഴിലാളികൾക്ക് ഭാഗ്യവശാൽ ഓടി രക്ഷപ്പെടാനായി.
വൈകിട്ട് മൂന്നു മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
കേരളത്തിൽ ആദ്യമായല്ല വെടിക്കെട്ട് ദുരന്തം ഉണ്ടാകുന്നത്. സ്ഫോടനം നടന്ന് പിറ്റേദിനം തന്നെ പ്രധാനമന്ത്രി വരെ സംഭവസ്ഥലത്ത് വരേണ്ടിവന്ന കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം ഉണ്ടായത്. 2016ൽ നടന്ന ഈ സംഭവത്തിൽ 114 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ളത് പാലക്കാട് ജില്ലയിലാണ്. വെടിക്കെട്ട് കാണാൻ റെയിൽ പാളത്തിലിരുന്ന 27 പേർ ട്രെയിനിടിച്ച് മരണമടഞ്ഞ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തെ അപകടവും മറക്കാനാവില്ല.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപിക്കുകയും കുറച്ചുനാളത്തേക്ക് അതൊക്കെ പാലിക്കുകയും ചെയ്യും. പിന്നീടും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതാണ് കണ്ടുവരുന്നത്. വലിയ തോതിലുള്ള കമ്പക്കെട്ടുകൾ നടത്തുന്നതിൽ നിന്ന് ഉത്സവ നടത്തിപ്പുകാർ സ്വന്തം നിലയിൽ പിന്തിരിയുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന് സാദ്ധ്യമല്ലെങ്കിൽ മത്സരക്കമ്പങ്ങൾ ഒരു കാരണവശാലും നടത്തരുതെന്ന തീരുമാനം എടുക്കണം. മത്സര കമ്പങ്ങൾക്ക് അനുമതി നൽകില്ലെന്ന കർശന തീരുമാനങ്ങൾ ജില്ലാ ഭരണകൂടങ്ങളും സ്വീകരിക്കണം. ഉഗ്രസ്‌ഫോടനശേഷി പ്രകടിപ്പിച്ച് മത്സരകമ്പത്തിൽ വിജയിയാകാനുള്ള കൈവിട്ട പ്രവർത്തനങ്ങൾ പലപ്പോഴും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നില്ല എന്ന് പറയാനാകില്ല.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങൾക്ക് കരിയും കരിമരുന്നും വേണ്ട എന്ന് ഗുരുദേവൻ വർഷങ്ങൾക്ക് മുമ്പ് നിർദ്ദേശിച്ചത് എത്ര ദീർഘദർശിത്വത്തോടെ ആയിരുന്നു എന്നത് ഓരോ വെടിക്കെട്ട് ദുരന്തവും ഓർമ്മിപ്പിക്കുന്നു. ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ മനോഭാവത്തിൽ മാറ്റം വരാതെ, നിയമങ്ങളും നിബന്ധനകളും കൊണ്ടു മാത്രം തടയാനാവുന്നതല്ല ഇത്തരം ദുരന്തങ്ങൾ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അപകടമില്ലാതെ മാനത്ത് വർണപ്പകിട്ടുകൾ സൃഷ്ടിക്കാനാവുന്ന രീതികളൊക്കെ ലഭ്യമാണ്. അത്തരം ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നതിലേക്ക് സംഘാടകരും മാറണം.
മതിയായ യാതൊരു സുരക്ഷാ വസ്‌ത്രവും ധരിക്കാതെ, ഉടുപ്പു പോലും ഇല്ലാതെ കരിമരുന്ന് തയ്യാറാക്കുന്ന ഇപ്പോഴത്തെ രീതികളും ഇനി അനുവദിക്കാൻ പാടില്ല. ആംബുലൻസുകൾക്കും ഫയർഫോഴ്സിനും തടസമില്ലാതെ കടന്നുപോകാൻ സൗകര്യം ഇല്ലാത്തിടത്ത് വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കാനും സൂക്ഷിക്കാനും അനുവദിക്കരുത്. മുണ്ടത്തിക്കോട്ടെ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മതിൽ പൊളിക്കേണ്ട സാഹചര്യം ഉണ്ടായത് നമ്മുടെ ആസൂത്രണത്തിലെ അപര്യാപ്തതയാണ് ചൂണ്ടിക്കാട്ടുന്നത്. ഇനിയെങ്കിലും ഇത്തരമൊരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും നടപടികളുമാണ് പൊതുജനങ്ങളുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.