വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഗ്യാരേജിനും വേണം വികസനം

Thursday 23 April 2026 12:03 AM IST

വെഞ്ഞാറമൂട്: വേനലായാൽ പൊടിപടലം.മഴക്കാലമായാൽ വെള്ളക്കെട്ട്,നിന്ന് ജോലി ചെയ്യാനായി സ്ഥലവുമില്ല.വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഗ്യാരേജിന്റെ അവസ്ഥയാണിത്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിൽ ഇവിടെ നിറയെ വെള്ളവും ചെളിയുമായി.അത്ര ശക്തമല്ലാതിരുന്ന വേനൽ മഴയിൽ പോലും വെള്ളം കെട്ടി തോടിന് സമാനമായ അവസ്ഥയാണ്.2000ത്തിൽ വെഞ്ഞാറമൂട്ടിൽ ട്രാൻസ്‌പോർട്ട് ഡിപ്പോ പ്രവർത്തനം തുടങ്ങിയ ഘട്ടത്തിൽ തന്നെ ഗ്യാരേജിന്റെയും പ്രവർത്തനം ആരംഭിച്ചിരുന്നു. മുൻപ് ഏലാ ഭാഗമായിരുന്ന ഇവിടം വയൽ നികത്തി,മണ്ണും ക്വാറി വേസ്റ്റും ഇട്ട് നിരപ്പാക്കിയാണ് ഗ്യാരേജ് ഉദ്ഘാടനത്തിന് സജ്ജമാക്കിയത്. അതിനാൽ അധികം താമസിയാതെ ഗ്യാരേജിനകം കുണ്ടും കഴിയും രൂപപ്പെടുകയായിരുന്നു. കൂടാതെ വേനൽക്കാലത്ത് പൊടിശല്യവും രൂക്ഷമാണ്.എത്രയും വേഗം ഗ്യാരേജ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആവശ്യത്തിന് സ്ഥലമില്ല

ഇവിടെ ഒരു വർക്ക് ഷെഡുണ്ടെങ്കിലും നാല് വാഹനങ്ങൾ മാത്രമേ അതിനുള്ളിലിട്ട് പണിയാൻ കഴിയൂ. മിക്കപ്പോഴും എട്ടോ അതിലധികമോ വാഹനങ്ങൾ വിവിധ പണികൾക്കായി ഗ്യാരേജിലുണ്ടാവും. ജീവനക്കാർക്ക് ഈ ഘട്ടത്തിൽ ചെളിയിലും പൊടിയിലും നിന്ന് പണി ചെയ്യേണ്ട സ്ഥിതിയാണ്.

ഗ്യാരേജിനെ അവഗണിക്കുന്നു

കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കകം നിരവധി തവണ പുനർനിർമ്മാണം നടത്തിയിട്ടുണ്ടെങ്കിലും ഗ്യാരേജിനെ അവഗണിക്കുകയായിരുന്നു. ഗ്യാരേജിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ജീവനക്കാർ അധികൃതർക്ക് കത്ത് നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.