തൊളിക്കോട്ടുകാർക്ക് ആശ്വാസം ലോറിയിൽ കുടിവെള്ളമെത്തും
വിതുര: തൊളിക്കോട് നിവാസികൾക്ക് ആശ്വാസമേകി ശുദ്ധജലമെത്തിക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിച്ചു. ഇതിനോട് അനുബന്ധിച്ച് 18വാർഡുകളിലും ടാങ്കർലോറികളിൽ കുടിവെള്ള വിതരണം നടത്തും. പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷെമിഷംനാദ് അടിയന്തരമായി പ്രശ്നത്തിൽ ബന്ധപ്പെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. കുടിവെള്ളപ്രശ്നം ഇപ്പോഴും നിലനിൽക്കുന്ന മേഖലകളിൽ അധിവസിക്കുന്നവർ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടണം. തൊളിക്കോട് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ മുഴുവൻ വറ്റി, വരണ്ട അവസ്ഥയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിലും വേണ്ടത്ര വെള്ളമില്ല. ടാങ്കർ ലോറികളിൽ വെള്ളം നിറച്ചാണ് ഓരോ വാർഡുകളിലും എത്തിക്കുക. വെള്ളമില്ലാതെ വന്നതോടെ കഠിനമായ ചൂടേറ്റ് കൃഷികളും ഉണങ്ങി നശിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുമൂലം കർഷകർക്ക് കനത്ത നാശനഷ്ടമുണ്ട്.
വിതുര, തൊളിക്കോട് ശുദ്ധജലപദ്ധതി
തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി പത്ത്‌വർഷം മുൻപ് ആവിഷ്ക്കരിച്ച വിതുര, തൊളിക്കോട് ശുദ്ധജലപദ്ധതി ഇനിയും പൂർത്തീകരിച്ചിട്ടില്ല. നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഉടൻ പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. പദ്ധതി പൂർത്തീകരിക്കുന്നതോടെ പഞ്ചായത്തിലെ ജലക്ഷാമത്തിന് പരിഹാരമാകും.
നീരുറവകൾ വറ്റി നദികളിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞു. ഡാമുകളിലെ അവസ്ഥയും വിഭിന്നമല്ല. മേഖലയിലെ നീരുറവകളും, നീർച്ചാലുകളും മറ്റും വറ്റി വരണ്ടിട്ട് ആഴ്ചകളേറയായി. ഇടയ്ക്ക് നേരിയതോതിൽ വേനൽ മഴ പെയ്തെങ്കിലും ജലനിരപ്പ് ഉയർന്നില്ല. സാധാരണ വേനൽക്കാലത്ത് പഞ്ചായത്തിൽ ശുദ്ധജലക്ഷാമം ഉണ്ടാകാറുണ്ട്. നാട്ടുകാർ കുടിവെള്ളത്തിനായി നദിയെ ആശ്രയിക്കുകയാണ് പതിവ്.