ഇ.ഡി റെയ്ഡ് തടസപ്പെടുത്തിയ സംഭവം, 'മമത ജനാധിപത്യത്തെ അപകടത്തിലാക്കുന്നു'
ന്യൂഡൽഹി: കൊൽക്കത്ത ഐ-പാക് ഓഫീസിലെ ഇ.ഡി റെയ്ഡ് തടസപ്പെടുത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നടപടിയിൽ രൂക്ഷ വിമർശനമുയർത്തി സുപ്രീംകോടതി. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ മമത നത്തുന്ന ഇടപെടൽ ജനാധിപത്യത്തെ അപകടത്തിലാക്കുന്നതാണെന്ന് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഈ രാജ്യത്ത് ഇ.ഡി റെയ്ഡ് നടക്കുന്ന ഓഫീസിലേക്ക് സിറ്രിംഗ് മുഖ്യമന്ത്രി കയറിവരുന്ന ദിവസമുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ പൊളിറ്റിക്കൽ കൺസൾട്ടന്റായ ഐ-പാകിന്റെ കാെൽക്കത്തയിലെ ഓഫീസിൽ ജനുവരി എട്ടിനായിരുന്നു റെയ്ഡ്. വിവരമറിഞ്ഞ് മമത, ഡി.ജി.പി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തി റെയ്ഡ് തടസപ്പെടുത്തുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്‌തു. ഈനടപടികൾക്കെതിരെ ഇ.ഡി സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇ.ഡിയുടെ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് മമത സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി വാദിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കമാണെന്ന് അറിയിച്ചു. ഈവാദത്തെ കോടതി അംഗീകരിച്ചില്ല. സിറ്റിംഗ് മുഖ്യമന്ത്രി ഇടപെട്ട വിഷയത്തെ അത്തരത്തിലൊരു തർക്കമായി കാണാനാകില്ല. കൂടുതൽ പറയിപ്പിക്കരുത്. നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് കോടതി ഇങ്ങനെ നിരീക്ഷിച്ചുവെന്ന് ബംഗാൾ സർക്കാർ പറയുമെന്നും വ്യക്തമാക്കി.
യാഥാർത്ഥ്യങ്ങൾക്കുനേരെ
കണ്ണടയ്ക്കാനാകില്ല
ബംഗാളിൽ അസാധാരണ സാഹചര്യമെന്ന് കോടതി. എസ്.ഐ.ആർ പ്രക്രിയയിൽ ഏർപ്പെട്ടിരുന്ന ജുഡിഷ്യൽ ഓഫീസർമാരെ തടഞ്ഞുവച്ചത് നമ്മൾ കണ്ടതാണ്. യാഥാർത്ഥ്യങ്ങൾക്കുനേരെ കോടതിക്ക് കണ്ണടയ്‌ക്കാനാകില്ല. ഇ.ഡി പരാതിയുമായി മജിസ്ട്രേട്ട് കോടതിയെ സമീപിക്കണമെന്നാണോ പറയുന്നതെന്നും മമത സർക്കാരിനോട് ചോദിച്ചു. നിർണായകമായ തെളിവുകൾ മമത എടുത്തുകൊണ്ടുപോയെന്ന്, കേന്ദ്ര ഏജൻസികൾക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.