വെടിക്കെട്ടപകടങ്ങളുടെ നടുക്കുന്ന ഓർമ്മയിൽ

Wednesday 22 April 2026 11:37 PM IST

ആലപ്പുഴ: തൃശൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി മല്ലിടുന്നവർക്ക് വേണ്ടി കേരളം ഒന്നാകെ പ്രാർത്ഥിക്കുമ്പോൾ ആലപ്പുഴക്കാരുടെ മനസ്സിലും കഴിഞ്ഞുപോയ നാളുകളിൽ നേരിട്ട ദുരനുഭവങ്ങളുടെ നടുക്കുന്ന ഓർമ്മകളുണ്ട്. 36വർഷത്തിനിടെ ഏഴിടത്തുണ്ടായ വെടിക്കെട്ടപകടത്തിൽ 37 ജീവനുകളാണ് ജില്ലയിൽ​ പൊലിഞ്ഞത്​.

ഏ​പ്രിൽ മൂന്നിന്​ ആലപ്പുഴ കളപ്പുര ഘണ്ടാകർണ്ണ ക്ഷേത്രത്തിൽ കൂലിപ്പണിക്കെത്തിയയാൾ പടക്കംപൊട്ടിത്തെറിച്ച് മരിച്ചതാണ്​ ഏറ്റവും ഒടുവിലത്തെ സംഭവം. ആലപ്പുഴ പൊള്ളേത്തൈ കണിയാപറമ്പ് വീട്ടിൽ രവീന്ദ്രനാണ് (62) മരിച്ചത്. ക്ഷേത്രത്തിൽ മറ്റൊരാൾക്കൊപ്പം കൂലിപ്പണിക്ക് എത്തിയ രവീന്ദ്രൻ സ്റ്റോർ റൂം വൃത്തിയാക്കി അവശിഷ്ടങ്ങളും മാലിന്യങ്ങളും ശേഖരിച്ച് ക്ഷേത്രപരിസരത്തെ കുഴിയിൽ ഇട്ടപ്പോൾ അവിടെ കിടന്നിരുന്ന പടക്കം പൊട്ടിത്തെറിച്ച്​ പരിക്കേൽക്കുകയായിരുന്നു. ചികിത്സയിലി​രിക്കെ​ മരിച്ചു​.

 1990 മാർച്ച്​ 29

ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ക്ഷേ​​ത്രത്തിലെ വെടിക്കെട്ടിനായി കൊണ്ടുവന്ന ഡൈനമൈറ്റ്​ പൊട്ടിത്തെറിച്ച് 5 പേർ മരിച്ചു. രാത്രി 12നുശേഷമായിരുന്നു അപകടം. മൂന്നുപേർ സംഭവസ്ഥലത്തും രണ്ടുപേർ കോട്ടയം മെഡിക്കൽകോളജ്​ ആശുപത്രിയിലുമാണ്​ മരിച്ചത്

 1991 നവംബർ 2

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താൽക്കാലിക ഷെഡിന്​ തീപിടിച്ച്​ 12 പേർ വെന്തുമരിച്ചു. ഉച്ചസമയത്ത്​ തൊഴിലാളികൾ ഭക്ഷണംകഴിക്കാൻ പോയസമയത്ത്​ ഉഗ്രശബ്​ദത്തോടെ താൽക്കാലിക ഷെഡ്​ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട്​ 20പേരെ മാവേലിക്കര അഡീഷനൽ സെഷൻസ്​ കോടതി ശിക്ഷിച്ചിരുന്നു. ലൈൻസില്ലാതെ കരിമരുന്ന്​ നിർമിച്ചതിനെതിരെയായിരുന്നു കേസ്​.

2006 മാർച്ച് 2

നൂറനാട് കഞ്ചുകോട് പടക്ക നിർമാണശാലയിലുണ്ടായ സ്​ഫോടനത്തിൽ ആറുപേർക്ക് ണ്​ ജീവൻനഷ്ടമായി

 2010 ആഗസ്റ്റ്​ 1

ഹരിപ്പാട് മുട്ടം കാവിലെ വീട്​ കേന്ദ്രീരിച്ച്​​ അനധികൃത പടക്കനിർമാണത്തിനിടെ പൊട്ടിത്തെറിച്ച്​ ആറുപേർ ​ മരിച്ചു. ഉച്ചക്ക്​ 1.55നായിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത സ്ത്രീയടക്കം ആറുപേരും പൊള്ളലേറ്റാണ്​ മരിച്ചത്

 2014 നവംബർ 19

ചേർത്തല കിഴക്കേ നാൽപ്പതിൽ പടക്കനിർമാണശാലയിലെ സ്​ഫോടനത്തിൽ വീട്ടുടമ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഉച്ചക്ക്​ 2.45നായിരുന്നു സംഭവം

 2020 മാർച്ച്​ 20

കുട്ടനാട്​ പുളിങ്കുന്നിൽ അനധികൃത പടക്ക നിർമാണശാലയിലെ തീപിടുത്തതിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്നുപേർ മരിച്ചു. ഉച്ചക്ക്​ 2.20നായിരുന്നു സംഭവം. പടക്കം വിൽക്കാൻ മാത്രം ലൈസൻസ് ഉണ്ടായിരുന്ന സ്ഥലത്ത് അനധികൃതമായി നിർമ്മാണം നടത്തുകയായിരുന്നു