വെടിനിറുത്തൽ നീട്ടി ട്രംപ്, വഴങ്ങാതെ ഇറാൻ,​ ഇന്ത്യയിലേക്കുള്ളതടക്കം രണ്ട് കപ്പലുകൾ പിടിച്ചെടുത്തു

Thursday 23 April 2026 12:37 AM IST

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ യു.എസ് വിട്ടുവീഴ്ചയ്ക്ക് തയാറായെങ്കിലും വഴങ്ങില്ലെന്ന് ഉറച്ച് ഇറാൻ. മദ്ധ്യസ്ഥ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനിലെ വെടിനിറുത്തൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇറാന് അവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്നും ചർച്ചകൾ പൂർത്തിയാക്കുംവരെ വെടിനിറുത്തൽ തുടരുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ, പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയിലേക്ക് പുറപ്പെട്ട ഗ്രീക്ക് കപ്പൽ അടക്കം രണ്ട് ചരക്കുക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു. ആക്രമിക്കപ്പെട്ട മറ്റൊരു കപ്പൽ മേഖലയിൽ കുടുങ്ങി.

വെടിനിറുത്തൽ നീട്ടിയിട്ടും തങ്ങളുടെ കപ്പലുകൾക്കും തുറമുഖങ്ങൾക്കും ഏർപ്പെടുത്തിയ ഉപരോധം യു.എസ് പിൻവലിക്കാത്തതാണ് ഇറാനെ ചൊടിപ്പിച്ചത്. ഹോർമുസിലൂടെ പോകുന്ന തങ്ങളുടെ കപ്പലുകളെ യു.എസ് തടയുന്നിടത്തോളം കാലം, മറ്റൊരു കപ്പലിനെയും ഹോർമുസിലൂടെ കടത്തിവിടില്ലെന്ന് ഇറാൻ പ്രതികരിച്ചു. ട്രംപ് വെടിനിറുത്തൽ നീട്ടിയത് സമാധാനം പുനഃസ്ഥാപിക്കാനല്ലെന്നും അപ്രതീക്ഷിത ആക്രമണം നടത്താനാണെന്നും ഇറാൻ തുറന്നടിച്ചു. ഏപ്രിൽ 8ന് നിലവിൽ വന്ന ഇറാൻ-യു.എസ് വെടിനിറുത്തലിന്റെ കാലാവധി ഇന്നലെയാണ് അവസാനിക്കേണ്ടിയിരുന്നത്.