' മന്ത്രീ.. കടക്കു പുറത്ത് ', ഗതാഗതക്കുരുക്കിൽ പൊട്ടിത്തെറിച്ച് യുവതി
മുംബയ്: മന്ത്രി കാരണമുണ്ടായത് വൻ ഗതാഗതക്കുരുക്ക്. കുഞ്ഞിനെ സ്‌കൂളിൽനിന്ന് വിളിക്കാൻ പോകുന്നതിനിടെ
മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടന്നതിന്റെ നിരാശയും ദേഷ്യവുമെല്ലാം സഹിച്ച് ഒടുവിൽ യുവതി പൊട്ടിത്തെറിച്ചു. പാഞ്ഞുചെന്ന് ബി.ജെ.പി മന്ത്രിയോട് പറഞ്ഞു, 'കടക്ക് പുറത്ത്. നിങ്ങൾ കാരണം എല്ലാവരും കുടുങ്ങിക്കിടക്കുകയാണ് ".
മുംബയിലെ വർളിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് സംഭവം. വനിതാ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെത്തുടർന്നുള്ള പ്രതിഷേധ റാലിയിൽ പങ്കെടുക്കാനെത്തിയതാണ് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ. റാലി കാരണം മണിക്കൂറുകളോളം വാഹനങ്ങൾക്ക് അനങ്ങാനായില്ല. തുടർന്ന് മന്ത്രിക്കും പൊലീസിനും പ്രതിഷേധറാലിയിൽ പങ്കെടുക്കാനെത്തിയവർക്കു നേരെയും യുവതി കടുത്ത ഭാഷയിൽ പ്രതിഷേധിക്കുകയായിരുന്നു. ആളുകളോ വാഹനങ്ങളോ ഇല്ലാത്ത സ്ഥലമുണ്ടായിട്ടും റോഡിൽ പ്രതിഷേധിക്കുന്നതിനെ വിമർശിച്ചു. ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇവിടെ നിന്നുപോകൂ എന്ന് ആവശ്യപ്പെട്ട അവരെ മന്ത്രി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ നിങ്ങൾ കാണുന്നില്ലേ, ആളുകൾ കാത്തുകിടക്കുകയാണെന്ന് യുവതി ആവർത്തിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു.