സ്റ്റാലിനും രാഹുലും പിണക്കത്തിൽ?

Thursday 23 April 2026 2:45 AM IST

ചെന്നൈ: തന്റെ ജ്യേഷ്ട സഹോദരനാണ് എം.കെ.സ്റ്റാലിൻ എന്നാണ് ഒരിക്കൽ രാഹുൽഗാന്ധി വിശേഷിപ്പിച്ചത്. രാഹുലിനെ 'ഇന്ത്യയുടെ ഭാവി'യെന്ന് വിശേഷിപ്പിച്ചത് എം.കെ സ്റ്റാലിനും.

എന്നാൽ 'സഹോദരങ്ങൾ' ഇപ്പോൾ പിണക്കത്തിലാണെന്നാണ് രാഷ്ട്രീയ രംഗത്തെ സംസാരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്ഥമായി ഒരിക്കൽ പോലും തിരഞ്ഞെടുപ്പ് വേദികൾ ഇവർ പങ്കിട്ടില്ല. പുതുച്ചേരിയിലും അത് സംഭവിച്ചില്ല. സീറ്റ് വിഭജന ചർച്ചയ്ക്കൊടുവിൽ കഴിഞ്ഞ തവണത്തെക്കാൾ മൂന്നു സീറ്റ് കൂടുതൽ, ആകെ 28 സീറ്റാണ് കോൺഗ്രസിന് നൽകിയത്. എന്നാൽ പുതുച്ചേരിയിൽ ധാരണ തെറ്റിച്ച് അഞ്ചിടത്ത് ഡി.എം.കെയ്ക്കെതിരെ കോൺഗ്രസ് മത്സരംഗത്ത് തുടർന്നത് ആസ്വരസ്യങ്ങൾക്കിടയായി.

പിന്നീട് കോൺഗ്രസ് ടി.വി.കെയുമായി സഖ്യത്തിനു ശ്രമിച്ചുവെന്ന വാർത്തകളും പുറത്തുവന്നു. ഇതൊക്കെയാണ് ഇപ്പോഴത്തെ അകൽച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

രാഹുൽഗാന്ധി തമിഴ്‌നാട്ടിൽ രണ്ട് ദിവസം മാത്രമേ പ്രചാരണം നടത്തിയുള്ളൂ, ആറ് റാലികളെ അഭിസംബോധന ചെയ്തു.ഷെഡ്യൂളിലെ പ്രശ്‌നങ്ങൾ കാരണമാണ് ഇരുവർക്കും വേദി പങ്കിടാൻ സാധിക്കാത്തത് എന്നാണ് കോൺഗ്രസ്, ഡി.എം.കെ വൃത്തങ്ങൾ വാദിക്കുന്നത്.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഞായറാഴ്ച സ്റ്റാലിനുമായി വേദി പങ്കിട്ടിരുന്നുവെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനും ആർ.ജെ.ഡി നേതാവ് യുടെ തേജസ്വി യാദവ് എന്നിവർ തമിഴ്നാട്ടിൽ ഡി.എം.കെയ്ക്കുവേണ്ടി എത്തി സ്റ്റാലിനുമായി വേദി പങ്കിട്ടു. എതിർചേരിയിൽ പിണങ്ങി അകന്നിരുന്ന അണ്ണാഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയും എ.എം.എം.കെ മേധാവി ടി.ടി.വി.ദിനകരനും പിണക്കം മറന്ന് ഒന്നിച്ച് വേദി പങ്കിട്ടു.