വെന്നൂരിനെ തേടി വീണ്ടും തീരാനോവ്; ദുരന്തത്തിൽ ഗ്രാമം നടുങ്ങി

Thursday 23 April 2026 12:05 AM IST

ചേലക്കര: കാലങ്ങളോളം വെടിക്കെട്ടിന് പേരെടുത്ത വെന്നൂരിൽ മറ്റൊരു അപകടവാർത്ത കൂടി എത്തുമ്പോൾ ഗ്രാമം അതീവ ദുഃഖത്തിലാണ്. വെടിക്കെട്ട് അപകടത്തിൽ വെന്നൂർ സ്വദേശിയായ സുദർശനൻ (സുന്ദരി) മരണപ്പെട്ടത് ഗ്രാമത്തിന് വലിയൊരാഘാതമായി. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന കുമാരന് പരിക്കേറ്റിരുന്നു. സുമേഷും വേലായുധനും രക്ഷപ്പെട്ടു. വെടിക്കെട്ട് നിർമ്മാണത്തിൽ പ്രഗൽഭരായ ഒട്ടേറെ കലാകാരൻമാരുള്ള നാടാണ് വെന്നൂർ. അതിൽ പ്രധാനിയാണ് വെന്നൂർ മാധവൻ. 2006 ൽ പാറമേക്കാവിനു വേണ്ടി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ മാധവന്റെ മകൻ രാധാകൃഷ്ണൻ ഉൾപ്പെടെ ഏഴുപേർക്കാണ് ജീവൻ നഷ്ടമായത്. ഈ സംഭവത്തോടെ വെന്നൂരിലെ പല ലൈസൻസികളും വെടിക്കെട്ട് സാമഗ്രി നിർമ്മാണം നിറുത്തി. എന്നാൽ പിന്നീട് തൊഴിലാളികളെ മറ്റ് ലൈസൻസികൾ നിർമ്മാണ സഹായത്തിനായി വിളിച്ചുതുടങ്ങി. ഇങ്ങനെ പോയവരാണ് ഇപ്പോൾ വീണ്ടും അപകടത്തിന്റെ ഇരകളായത്.