പത്താമുദയ ദിവസം വീട്ടിൽ ഇക്കാര്യം ചെയ്താൽ ഐശ്വര്യം പടികടന്നു വരും,​ സമ്പത്തും നിറയും

Thursday 23 April 2026 12:18 AM IST

ഇന്ന് പത്താമുദയം. പരമ്പരാഗത കാർഷിക കലണ്ടറിലെ നടീൽ ദിനമാണ് മേടപ്പത്ത് (മേടം പത്ത്). ഏത് ശുഭകാര്യവും തുടങ്ങാൻ പത്താമുദയം ഉത്തമമാണെന്നാണ് വിശ്വാസം. വിഷുനാളിൽ ചാലു കീറിയിട്ട പാടത്ത് വിത്ത് വിതയ്‌ക്കുന്നത് പത്താമുദയത്തിലാണ്. വിത്തു വിതയ്ക്കുന്നതിനും തൈകൾ നടുന്നതിനും അനുയോജ്യമായ ദിനം. പത്താമുദയത്തിനു പത്തുതൈ എങ്കിലും നടണമെന്നാണ് ചൊല്ല്. തെങ്ങും വാഴയും പച്ചക്കറി ഇനങ്ങളും കിഴങ്ങുവർഗ്ഗവിളകളുമെല്ലാം മുൻപ് ഈ ദിവസത്തിലാണ് കർഷകർ നട്ടിരുന്നത്. കാർഷിക സംസ്‌കൃതിയുടെ നല്ല നാളുകൾ ഓർത്തെടുക്കാൻ ഇന്നത്തെ ദിവസം പറമ്പിലും വീട്ടുമുറ്റത്തും ഒരു പച്ചക്കറി ചെടിയെങ്കിലും നട്ടുപിടിപ്പിക്കാം.

തെങ്ങ് നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള സ്ഥലമാണ് തെങ്ങിൻ തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. ചാണകപ്പൊടിയും ചാരവും വളമായി ഉപയോഗിക്കുകയും ഉറച്ച മണ്ണുള്ള പ്രദേശങ്ങളിൽ ഉപ്പ് ഇടുന്നതും മണ്ണിന് അയവ് വരാനും വേരോട്ടം സുഗമമാക്കാനും സഹായിക്കും.

വാഴ 50 സെന്റീമീറ്റർ നീളവും ആഴവും വീതിയും ഉള്ള കുഴിയിലാണ് കന്നുകൾ നടേണ്ടത്.

ഇഞ്ചി കിളച്ച് 25 സെന്റീമീറ്റർ ഉയരത്തിൽ തടം എടുത്ത് ചെറിയ കുഴികൾ എടുത്ത് ഇഞ്ചി നടണം. ചാണകപ്പൊടിയുടെ കൂടെ വേപ്പിൻ പിണ്ണാക്ക് മിശ്രിതം ഇട്ടാൽ കീടങ്ങളെ അകറ്റാം. ചേന 90 സെന്റീമീറ്റർ അകലത്തിൽ കുഴിയെടുത്ത് ചേന നടാം. കമ്പോസ്‌റ്റോ ചാണകപ്പൊടിയോ വളമായി ഉപയോഗിക്കാം . ചേമ്പ്

40 സെന്റീമീറ്റർ ചതുരത്തിൽ 20 സെന്റീമീറ്റർ ആഴത്തിൽ കുഴിയെടുത്ത് കരിയിലയും ചാണകപ്പൊടിയും നിറച്ച് ചേമ്പ് നടാം . കാച്ചിൽ കുഴിയുടെ നടുക്കായി വാഴപ്പിണ്ടി നാട്ടി എല്ലുപൊടിയും ചാണകവും വേപ്പിൻ പിണ്ണാക്കും ചേർന്ന മിശ്രിതം ഇട്ട് കുഴിനിറച്ച് കാച്ചിൽ നടാം .

മഞ്ഞൾ വിത്തു നട്ടശേഷം ഓരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടി ഇട്ടുകൊടുക്കാം.

കപ്പ, കൂർക്ക, മധുരക്കിഴങ്ങ് ചാലുകീറി ചവറു നിറച്ചു മൂടിയ ശേഷം ഇവയുടെ തണ്ടു മുറിച്ച് നടാം