ഭവാനി ചെയർമാനായി പി.എ. സുരേഷ് ബാബു ചുമതലയേറ്റു
ന്യൂഡൽഹി: കൽപ്പാക്കത്തെ ഭാരതീയ നാഭികിയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭവാനി) ചെയർമാനായി ആണവോർജ്ജ വകുപ്പിലെ ശാസ്ത്രജ്ഞനും തൃശൂർ സ്വദേശിയുമായ പി.എ.സുരേഷ് ബാബു ചുമതലയേറ്റു. മൂന്നുവർഷത്തേക്കാണ് നിയമനം. കൽപ്പാക്കത്തെ 500 മെഗാവാട്ട് ശേഷിയുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ നിർമാണം,കമ്മീഷനിംഗ്,പ്രവർത്തനം,പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിർണായകമാണ് ഭവാനി. സുരേഷ് ബാബുവിന് ആണവോർജ രംഗത്ത് 37 വർഷത്തിലധികം അനുഭവസമ്പത്തുണ്ട്. 1988ൽ തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദമെടുത്ത ശേഷം 1989ൽ ബാർക്ക് ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് പ്രത്യേക പരിശീലനം നേടി. മദ്രാസ് ആണവോർജ നിലയത്തിൽ 14 വർഷം പ്രവർത്തിച്ചു. കൂടകുളം ആണവോർജ്ജ പദ്ധതി സ്റ്റേഷൻ ഡയറക്ടർ,എൻ.പി.സി.ഐ.എൽ മാനവവിഭവശേഷി വിഭാഗം ഡയറക്ടർ,അണുശക്തി വിദ്യുത് നിഗം ലിമിറ്റഡ് ചെയർമാൻ,യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ബോർഡ് അംഗം തുടങ്ങിയ പദവികൾ വഹിച്ചു.