നിദാ ഖാൻ: ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

Thursday 23 April 2026 12:56 AM IST

നിദാഖാൻ. വയസ് 26. നാസിക്ക് ടി.സി.എസിലെ ടെലി കോളർ പ്രോസസ് അസോസിയേറ്റ്.

എം.ബി.എ ബിരുദധാരി. 2021 ഡിസംബ‌ർ 27ന് ടി.സി.എസിൽ ജോയിൻ ചെയ്തു. കഴിഞ്ഞവർഷം വിവാഹിതയായി. ഇപ്പോൾ രണ്ടുമാസം ഗർഭിണി. നാസിക് യൂണിറ്റിലെ മതംമാറ്റ ശ്രമക്കേസിലെ പ്രതിയാണ് നിദ. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയി. പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

മതപരിവർത്തനത്തിന് പ്രേരിപ്പിക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് നിദയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിദ ഇടക്കാല ജാമ്യം തേടിയെങ്കിലും നാസിക് അഡിഷണൽ സെഷൻസ് കോടതി അനുവദിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷ ഏപ്രിൽ 27ന് പരിഗണിക്കാനിരിക്കുകയാണ്. പ്രതിപട്ടികയിലുള്ള നാസിക്ക് ടി.സി.എസിലെ എട്ട് ജീവനക്കാരിൽ ഏഴുപേരെയും അറസ്റ്റുചെയ്തെങ്കിലും നിദയെ പിടികൂടാനായിട്ടില്ല.

സ്ഥാപനത്തിലെ ജീവനക്കാരായ ഡാനിഷ് ഷെയ്‌ഖ്, തൗസിഫ് അത്തർ എന്നിവ‌ർക്കൊപ്പം ചേർന്ന് നിദ മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങളടക്കം നടത്തിയെന്നാണ് 23കാരിയായ ജീവനക്കാരിയുടെ പരാതി. ഡാനിഷും തൗസിഫും അറസ്റ്റിലായി. ഗൂഢാലോചനയിലെ മുഖ്യ കണ്ണിയാണ് നിദയെന്നാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനികേത് അവധ് പറയുന്നത്. അതേസമയം,​ ആരോപണങ്ങളെ തള്ളുന്ന നിദയുടെ കുടുംബം ആളുമാറി പ്രതി ചേർത്തതാണെന്നാണ് പറയുന്നത്.

നിദ അടക്കം പ്രതികളുടെ സാമ്പത്തിക ഇടപാടുകളും,​ 2022 മുതൽ ഇതുവരെയുള്ള സ്ഥാപനത്തിലെ സി.സി ടിവി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നു. ഫോൺ കോൾ വിവരങ്ങൾ,​ ഇമെയിൽ,​ ചാറ്റ് മെസേജുകൾ എന്നിവ പരിശോധിച്ചപ്പോൾ നിർണായകമായ വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. രാജ്യാന്തര ബന്ധമുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്.

ഡൽഹി സ്‌ഫോടനക്കേസ്

പ്രതിയുമായി ബന്ധം?​

നിദാഖാന് ഡൽഹി സ്‌ഫോടനക്കേസിലെ പ്രതിയായ വനിത ഡോക്‌ടർ ഷഹീൻ ഷാഹിദുമായി ബന്ധമുണ്ടെന്ന അഭ്യൂഹമുണ്ട്. എൻ.ഐ.എ,​ ഐ.ബി അടക്കം ഇക്കാര്യം അന്വേഷിക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മിൽ ബന്ധമുള്ളതായി ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്മെന്റ് വിഭാഗമായ ജമാഅത്തുൽ മൊമിനാതിന്റെ ഇന്ത്യയിലെ മേധാവിയാണ് ഷഹീൻ ഷാഹിദ്.

പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ്

നിദയ്ക്കെതിരായ പരാതിയിൽ ഒരു ജീവനക്കാരി പറയുന്നത് ഇങ്ങനെ: ''ഡാനിഷിനെ 2022 മുതൽ അറിയാം. കോളേജിൽ സീനിയറും സുഹൃത്തുമായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചു. ഞാൻ വഴങ്ങിയില്ല. ബി.സി.എ കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്ത് ഡാനിഷ് ടി.സി.എസിലാണ്. അവിടെ അപേക്ഷിക്കാൻ പറഞ്ഞു. 2023ൽ അസോസിയേറ്റായി ജോലിക്കു കയറി. ക്യാന്റീനിൽ ഡാനിഷ്, തൗസിഫ്, നിദ എന്നിവർക്കൊപ്പം സമയം ചെലവഴിച്ചിരുന്നു. നാലുപേരുമുള്ള വാട്സാപ്പ് ഗ്രൂപ്പുമുണ്ടാക്കി. അതിൽ മതപരമായ കാര്യങ്ങളും ചർച്ചകളും വന്നുകൊണ്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങളുണ്ടായി.

2024 ആഗസ്റ്റിൽ ഡാനിഷിനൊപ്പം ബൈക്കിൽ പോകവേ റിസോർട്ടിലേക്ക് കൊണ്ടുപോയി. നിർബന്ധിച്ചു ശാരീരിക ബന്ധത്തിലേർപ്പെട്ടു. പിന്നീട് ഇക്കാര്യം പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്‌തു. ഫെബ്രുവരിയിൽ ഡാനിഷിന്റെ ഭാര്യ സമീപിച്ചപ്പോഴാണ് അയാൾ വിവാഹിതനാണെന്ന് അറിഞ്ഞത്. രണ്ടു കുട്ടികളുമുണ്ട്. അത് ചോദ്യം ചെയ്‌തപ്പോൾ,​ തന്നെ വിവാഹം കഴിക്കാനേ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഡാനിഷ് പറഞ്ഞു''.

ഒൻപത് എഫ്.ഐ.ആർ പ്രതികൾ നിരന്തരം മതവികാരം വ്രണപ്പെടുത്തുന്ന പരാമ‌ർശങ്ങൾ നടത്തിയെന്നും ലൈംഗികാതിക്രം കാട്ടിയെന്നും ചൂണ്ടിക്കാട്ടി ആറ് അവിവാഹിതകളും രണ്ട് വിവാഹിതകളും അടക്കമാണ് പരാതി നൽകിയത്.

9 എഫ്.ഐ.ആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തത്. ഇരകളിൽ അധികവും സാധാരണ കുടുംബത്തിൽ നിന്നുള്ളവരാണ്. 21നും 30നും ഇടയിലുള്ളവർ. മാസം 20,​000 രൂപയാണ് ശമ്പളം വാങ്ങുന്നത്

(പരമ്പര അവസാനിച്ചു)