വാശിയിൽ ഇറാൻ: താറുമാറായി സമാധാന ചർച്ച
ടെഹ്റാൻ: ഇറാൻ യു.എസ് സമാധാന ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിൽ. യു.എസിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഒരു ചർച്ചയ്ക്കും തയ്യാറാകില്ലെന്ന് പറയുന്നു. ഇറാന് അവരുടെ സമാധാന നിർദ്ദേശങ്ങൾ സമർപ്പിക്കാനും പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നിശ്ചയിച്ച ചർച്ചകൾ പൂർത്തിയാക്കാനും വേണ്ടിയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിറുത്തൽ നീട്ടിയത്. എന്നാൽ, ഇറാൻ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലെ യു.എസ് സംഘം ചർച്ചയ്ക്കായി ചൊവ്വാഴ്ച പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ എത്തേണ്ടതായിരുന്നു. എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു. എന്നാൽ ഇറാനിയൻ തുറമുഖങ്ങളിലെ യു.എസ് ഉപരോധം വിലങ്ങുതടിയായി. യുറേനിയം സമ്പുഷ്ടീകരണം നിറുത്തണം എന്നതടക്കമുള്ള യു.എസ് ഡിമാൻഡുകളും അസ്വീകാര്യമാണെന്ന് അറിയിച്ച ഇറാൻ, ചർച്ച ബഹിഷ്കരിച്ചു. ഇതോടെ വാൻസിന്റെ പാക് യാത്ര റദ്ദാക്കി.
സമാധാന കരാറിനുള്ള തങ്ങളുടെ നിർദ്ദേശങ്ങൾ ഇറാൻ മദ്ധ്യസ്ഥ രാജ്യങ്ങളെ അറിയിക്കുന്നത് അനുസരിച്ചായിരിക്കും ഇനി ചർച്ചകളുടെ ഭാവി. തങ്ങൾക്ക് മേലുള്ള നാവിക ഉപരോധം യു.എസ് പിൻവലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും അന്തിമ കരാറിലെത്തുംവരെ അത് സാദ്ധ്യമല്ലെന്ന് യു.എസ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ മറ്റ് കപ്പലുകളെ ഇറാനും കടത്തിവിടുന്നില്ല. ആഗോളതലത്തിൽ വിലക്കറ്റവും ഊർജ്ജക്ഷാമവും അടക്കം രൂക്ഷമായേക്കുമെന്നാണ് ആശങ്ക.
# അഭിപ്രായ ഭിന്നത
1. ചർച്ചയുടെ പേരിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫും (ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത് ഇദ്ദേഹം) റെവല്യൂഷണറി ഗാർഡും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട്. ഖാലിബാഫ് നയതന്ത്ര നീക്കത്തെ പിന്തുണയ്ക്കുന്നു. എന്നാൽ വെടിനിറുത്തൽ യു.എസിന്റെ തന്ത്രമാണെന്നും അപ്രതീക്ഷിത ആക്രമണത്തിനുള്ള മുന്നൊരുക്കം ഇതിനിടെയിൽ അവർ നടത്തുന്നെന്നും റെവല്യൂഷണറി ഗാർഡ് കമാൻഡർമാർ ആരോപിക്കുന്നു
2. യുറേനിയം സമ്പുഷ്ടീകരണമാണ് ചർച്ചയ്ക്ക് തടസമായ മറ്റൊരു ഘടകം. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഇല്ലാതാക്കുകയോ മറ്റൊരു രാജ്യത്തേക്ക് മാറ്റുകയോ വേണമെന്ന യു.എസ് ആവശ്യത്തോട് ഇറാന് എതിർപ്പ്. കുറച്ചുവർഷത്തേക്ക് സമ്പുഷ്ടീകരണം നിറുത്തിവയ്ക്കാൻ തയ്യാർ. ചർച്ചയ്ക്ക് മുന്നേ നാവിക ഉപരോധം നീക്കി, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്നും ഇറാന്റെ ആവശ്യം
# പ്രകോപനം തുടർന്ന് ഇറാൻ
ഇന്നലെ ഹോർമുസിൽ ആക്രമിക്കപ്പെട്ടത് എപാമിനോണ്ടസ് (ഗ്രീസ്), എം.എസ്.സി ഫ്രാൻസെസ്‌ക (പനാമ), യൂഫോറിയ (യു.എ.ഇ) എന്നീ കപ്പലുകൾ. എപാമിനോണ്ടസിനെയും ഫ്രാൻസെസ്‌കയേയും പിടിച്ചെടുത്തു. ഇവ ഇറാനിയൻ തീരത്തേക്ക് നീങ്ങുന്നു. ഇരുകപ്പലുകൾക്കും കാര്യമായ നാശം. ജീവനക്കാർ സുരക്ഷിതർ. യൂഫോറിയ ഇറാൻ തീരത്തിന് സമീപം കുടുങ്ങിക്കിടക്കുന്നു
റെവല്യൂഷണറി ഗാർഡ് ബോട്ടുകൾ മുന്നറിയിപ്പില്ലാതെ വെടിവച്ചു. കപ്പലുകൾ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചെന്ന് ഇറാൻ
എപാമിനോണ്ടസ് യു.എ.ഇയിലെ ഖലീഫയിൽ നിന്ന് ഗുജറാത്തിലെ മുന്ദ്രയിലേക്ക് പുറപ്പെട്ടത്. ഫ്രാൻസെസ്‌ക ജബൽ അലിയിൽ (യു.എ.ഇ) നിന്ന് സിംഗപ്പൂരിലേക്കും യൂഫോറിയ ജബൽ അലിയിൽ നിന്ന് സൗദിയിലേക്കും പോവുകയായിരുന്നു
ശനിയാഴ്ച രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകളെ ഇറാൻ ആക്രമിച്ചിരുന്നു
# ട്രംപിന്റെ വാദം തള്ളി പെന്റഗൺ
ഇറാന്റെ സൈനിക, ആണവ ശേഷികൾ തകർത്തെന്ന ട്രംപിന്റെ വാദം തള്ളി യു.എസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ) ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡി.ഐ.എ) റിപ്പോർട്ട്.
ഇറാൻ ഇപ്പോഴും പ്രാദേശിക ശക്തി. അവരുടെ പല കഴിവുകളും കാര്യക്ഷമം
ആണവ കേന്ദ്രങ്ങളിലുണ്ടായ ആക്രമണം ഏതാനും മാസത്തെ പ്രവർത്തനങ്ങളെ തടസപ്പെടുത്തും. എന്നാൽ ആണവ ശേഷി പൂർണമായും ഇല്ലാതാക്കിയിട്ടില്ല
60 ശതമാനം മിസൈൽ ലോഞ്ചറുകളും 40 ശതമാനം ഡ്രോണുകളും ഇറാന്റെ കൈയ്യിലുണ്ട്. 'ഭൂഗർഭ മിസൈൽ സിറ്റികൾ' തുണയായി
# ആക്രമണം പുനഃരാരംഭിച്ചാൽ, മേഖലയിലുള്ള ശത്രുവിന്റെ ശേഷിക്കുന്ന ആസ്തികളും തകർക്കും.
- ഇറാൻ
# വരുന്ന 72 മണിക്കൂറിനുള്ളിൽ ഇറാനുമായി ചർച്ച സാദ്ധ്യമാകും.
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്