വിരാട് കൊഹ്‌ലി മുതൽ മാർക്ക് സക്കർബർഗ് വരെ മുടങ്ങാതെ എത്തുന്ന നമ്മുടെ നാട്ടിലെ ക്ഷേത്രം; പ്രത്യേകതകളേറെ
സെലിബ്രിറ്റികൾ വെക്കേഷന് പോകുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ട്. അത് ആരാധകർ ഏറ്റെടുക്കുന്നതും വൈറലാകുന്നതും സ്വാഭാവിക കാര്യമാണ്. പലപ്പോഴും വിദേശരാജ്യങ്ങളിലാണ് ഇവർ യാത്ര പോകുന്നത്. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്‌തമായി നമ്മുടെ രാജ്യത്തെ തന്നെ പ്രമുഖമായ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആത്മീയ താൽപ്പര്യങ്ങളുമായി മുന്നോട്ടുപോകുന്നവരാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌ക ശർമയും. ദമ്പതികൾ എത്താറുള്ള രണ്ട് ക്ഷേത്രങ്ങളാണ് വൃന്ദാവനിലെ പ്രേമാനന്ദ് മഹാരാജ് ആശ്രമവും ഉത്തരാഖണ്ഡിലെ കെഞ്ചി ധാമും. ഈ രണ്ട് പുണ്യസ്ഥലങ്ങൾക്കുമുള്ള പ്രത്യേകതകൾ അറിയാം.
പ്രേമാനന്ദ് മഹാരാജ് ആശ്രമം
ശ്രീരാമന്റെ പുണ്യഭൂമിയായ വൃന്ദാവനിലാണ് പ്രേമാനന്ദ് ആശ്രമമുള്ളത്. കൊഹ്‌ലിയും അനുഷ്‌കയും വളരെ സാധാരണക്കാരായാണ് ഇവിടെ എത്താറുള്ളത്. ആഡംബരങ്ങളില്ലാതെ മറ്റ് ഭക്തർക്കൊപ്പം അവർ പ്രാർത്ഥിക്കുന്നു. വളരെ ശാന്തമായ അന്തരീക്ഷമാണ്. ദിവസേന ഭജനകളും പ്രാർത്ഥനകളുമുണ്ടാകാറുണ്ട്. ദർശനസമയം ഓരോ ദിവസവും വ്യത്യസ്‌തമാണ്. ലോകമെമ്പാടുമുള്ള ഭക്തർ രാധേ -കൃഷ്‌ണ മന്ത്രവുമായി ഇവിടെ എത്താറുണ്ട്. മറ്റൊരിടത്തും ലഭിക്കാത്തത്രയും സമാധാനപൂർണമായ അന്തരീക്ഷമാണ് ഓരോ ഭക്തരെയും ഇവിടേക്ക് ആകർഷിക്കുന്നത്.
കെഞ്ചി ധാം
ഇവിടുത്തെ പ്രത്യേകതയും സമാധാനപരമായ അന്തരീക്ഷമാണ്. അത് അനുഭവിച്ചറിയേണ്ടതാണെന്നാണ് ഇവിടം സന്ദർശിച്ചിട്ടുള്ളവർ പറയുന്നത്. സ്റ്റീവ് ജോബ്‌സ്, മാർക്ക് സക്കർബർഗ് തുടങ്ങിയ പ്രമുഖർ പോലും ഇവിടെ എത്തിയിട്ടുണ്ട്. നീം കരോളി ബാബയുടെ സ്‌മരണയ്‌ക്കാണ് ഇവിടെ ആശ്രമവും ക്ഷേത്രവും സമർപ്പിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ കുമയൂൺ കുന്നുകളിൽ, നൈനിറ്റാളിന് ഏകദേശം 40 കിലോമീറ്റർ അകലെ കോസി നദിക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹനുമാൻ പ്രതിഷ്‌ഠയാണ് ക്ഷേത്രത്തിലുള്ളത്.