അശാസ്ത്രീയ വളമായി എല്ല് ഓയിലും, ചൗമീലും.... കൃഷിയിടങ്ങൾ ദുർഗന്ധപൂരിതം

Friday 24 April 2026 12:17 AM IST

കോട്ടയം : എല്ലുപൊടി ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന എല്ല് ഓയിൽ, ചൗമീൽ തുടങ്ങിയ അവശിഷ്ടങ്ങൾ ഉപയോഗിച്ചുള്ള അശാസ്ത്രീയ വളപ്രയോഗം വ്യാപകമാകയതോടെ കൃഷിയിടങ്ങൾ ദുർഗന്ധപൂരിതമായി. ഒപ്പം ഈച്ച, പുഴു ശല്യവും വർദ്ധിച്ചു. കരാർ അടിസ്ഥാനത്തിൽ വലിയ തോതിൽ ഭൂമി എടുത്തു കൃഷി ചെയ്യുന്നവരാണ് കൂടുതലായി ഇത് ഉപയോഗിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന മാംസാവശിഷ്ടങ്ങൾ വളമായി ജില്ലയുടെ കിഴക്കൻ മേഖലയിലെ കൃഷിയിടങ്ങളിലാണ് പ്രയോഗിക്കുന്നത്. ഇവയുടെ ഉപയോഗം കൂടിയതോടെ വന്യജീവികൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നതിനും കാരണമാകുന്നു. എല്ലുപൊടി ഉണ്ടാക്കുന്ന ഫാക്ടറികളിൽ മാംസാവശിഷ്ടങ്ങൾ പുഴുങ്ങുമ്പോൾ പുറത്തുവരുന്ന നെയ്യാണ് എല്ല് ഓയിൽ. അറവുമാലിന്യത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് ചൗമീൽ. കോഴി വേസ്റ്റ് കോഴിവളം എന്നപേരിൽ വില്പന നടത്തുന്നു. ചീഞ്ഞഴുകിയ മാംസാവശിഷ്ടങ്ങളുടെ മണമാണ് വന്യമൃഗങ്ങളെ ആകർഷിക്കുന്നത്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്.

അമിതവില, രാസവളത്തോട് താത്പര്യമില്ല

രാസവളങ്ങളുടെ അമിത വിലയാണ് മാംസാവശിഷ്ടങ്ങൾ വളമായി ഉപയോഗിക്കുന്നതിലേക്ക് പലരും തിരിയാൻ കാരണം. ഏലം, കുരുമളക് തുടങ്ങിയ നാണ്യവിളകൾ കൃഷിചെയ്യുന്നവരാണ് കൂടുതലായി ഉപയോഗിക്കുന്നത്. ജൈവവളമെന്ന ലേബലിൽ ഗു ണനിലവാരമില്ലാത്ത വളങ്ങളുടെ വില്പനയും വ്യാപകമാണ്. ഇതിന് ഗുണനിലവാരവുമില്ല. അധികൃതർ പരിശോധന നടത്തണമെന്നാവശ്യം.

''സംസ്ഥാനത്ത് അശാസ്ത്രീയ രാസവളപ്രയോഗം വ്യാപകമാകുന്നത് നിയന്ത്രിക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇവ കൂടുതലായെത്തുന്നത്. വളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനമില്ല.

-എബി ഐപ്പ്, കർഷക കോൺഗ്രസ്‌