'മാളികപ്പുറം' സംവിധാനം ചെയ്തത് ഉണ്ണിയോ? പിആർ വേട്ടയാടലെന്ന് വിഷ്ണുവും അഭിലാഷും; ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണം

Thursday 23 April 2026 7:55 PM IST

സുമതി വളവ് സിനിമയുടെ പരാജയവും സാമ്പത്തിക നഷ്ടവും മുൻനിർത്തി തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വിവാദങ്ങൾക്കും പിന്നിൽ നടൻ ഉണ്ണി മുകുന്ദനാണെന്ന് സംശയമുണ്ടെന്ന് സംവിധായകൻ വിഷ്ണു ശശിശങ്കർ. വാർത്താസമ്മേളനത്തിലാണ് ഉണ്ണിക്കെതിരെ പരോക്ഷ ആരോപണങ്ങളുമായി സംവിധായകനും തിരക്കഥാകൃത്തും രംഗത്തെത്തിയത്. ഉണ്ണി മുകുന്ദൻ തങ്ങളുടെ കരിയർ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. സിനിമയുടെ വിജയം തന്റേതാക്കി മാറ്റാനും പരാജയത്തിന്റെ ഉത്തരവാദിത്തം സംവിധായകന്റെ തലയിൽ കെട്ടിവയ്ക്കാനും ഉണ്ണി ശ്രമിക്കുന്നുവെന്നാണ് ആരോപണം.

മാളികപ്പുറം സിനിമ സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ പിആർ വർക്കുകൾ നടക്കുന്നു. ഉണ്ണി വിജയിപ്പിച്ച സിനിമകളെല്ലാം അദ്ദേഹം സംവിധാനം ചെയ്തതായും പരാജയപ്പെട്ടവ മാത്രം മറ്റുള്ളവരുടേതായും ചിത്രീകരിക്കപ്പെടുന്നുവെന്നാണ് ഇരുവരും ആരോപിക്കുന്നത്. മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഇടയിൽ വന്ന് ചോര കുടിക്കുന്ന ചെന്നായ്ക്കളെ പോലെ വിഷ്ണുവിന്റെ പുതിയ തമിഴ് പ്രോജക്ട് തകർക്കാൻ ഉണ്ണി മുകുന്ദൻ ചരടുവലിച്ചുവെന്ന് അഭിലാഷ് പിള്ള ആരോപിച്ചു. ഇയാൾക്ക് പണിയറിയില്ല, സിനിമ ചെയ്യരുതെന്ന് പറഞ്ഞ് തമിഴ് നിർമ്മാതാവിന് സന്ദേശങ്ങൾ അയച്ചതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒരേ കണ്ടന്റുകൾ കോപ്പി പേസ്റ്റ് ചെയ്ത് തങ്ങളെ മോശക്കാരാക്കാൻ വൻതുക ചിലവാക്കി പിആർ ടീമുകളെ നിയോഗിച്ചിരിക്കുകയാണെന്നും ഇതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും അവർ വ്യക്തമാക്കി.

അതേസമയം, മാളികപ്പുറം സിനിമയുടെ മിക്സിംഗ് നടത്തിയത് വിഷ്ണു അല്ലെന്ന പ്രചാരണം പച്ചക്കള്ളമാണ്. ഫൈറ്റ് സീക്വൻസുകൾക്ക് വേണ്ടി മാത്രമാണ് ഉണ്ണി മുകുന്ദൻ എത്തിയതെന്ന് മിക്സിംഗ് എൻജിനീയർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. സൗഹൃദം അഭിനയിച്ച് പുറകിൽ നിന്ന് കുത്തുന്ന രീതിയാണിത്. ഒരു യുവാവിന്റെ ജീവിതമാണ് ഇവിടെ ഇല്ലാതാക്കുന്നത്. ഉണ്ണിയുടെ വാട്സാപ്പ് സ്റ്റാറ്റസുകൾ പോലും ഈ നാടകത്തിന്റെ ഭാഗമാണ്. ഇതിന് പിന്നിലെ മാസ്റ്റർ പ്ലാനിങ് ഉടൻ പുറത്തുകൊണ്ടുവരും,' അഭിലാഷ് പിള്ള വ്യക്തമാക്കി.

സുമതി വളവ് എന്ന സിനിമയിൽ നിന്ന് നേരിട്ട സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഇരുവരും കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും അല്ലാതെയും നേരിട്ടുകൊണ്ടിരുന്നത്. ഇതിനു പിന്നാലെയാണ് വാർത്ത സമ്മേളനം വിളിച്ചുകൂട്ടി പ്രതികരണവുമായി സംവിധായകനും തിരക്കഥാകൃത്തും രംഗത്തെത്തിയത്.