ബ്രദർ മാത്യുആൽബിന്റെ ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് കേരളത്തിലെ പ്രകാശനം ചെയ്തു

Friday 24 April 2026 3:32 AM IST

അമ്പലപ്പുഴ: ക്രിയാത്മകമായ ഏറ്റുമുട്ടലാകളാണ് വേണ്ടതെന്നും എന്നാൽ,​ ഇന്ന് കണ്ടുവരുന്നത് ശത്രുതാപരമായ ഏറ്റുമുട്ടലുകളാണെന്നും മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. സിസ്റ്റർ സാന്റൺ നാഗോ എഫ്.എസ് തയ്യാറാക്കിയ ബ്രദർ മാത്യു ആൽബിന്റെ ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പെനുവലിന്റെ (ദൈവത്തിന്റെ മുഖം) കേരളത്തിലെ പ്രകാശനം ശാന്തിഭവൻ അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാര സ്ഥാനങ്ങളിൽ കയറിക്കൂടി ജനങ്ങളോട് അനീതി കാണിക്കുന്നവരാണ് ഭൂരിഭാഗവും. പുതിയ തലമുറയ്ക്ക് ഉണർവേകാൻ പറ്റിയ ഫിലോസഫർമാർ ആരും ഇന്നില്ല. സ്വന്തം കാര്യം നോക്കാനാണ് എല്ലാവർക്കും താൽപ്പര്യം. ഭൗതിക പ്രതിഭാസങ്ങളെ മാറ്റിമറിക്കാം. എന്നാൽ,​ മനുഷ്യ മനസുകളെ മാറ്റിമറിക്കാനാണ് പ്രയാസം. രക്തപ്പുഴ ഒഴുക്കിയ ജീവിതത്തിൽ നിന്ന് കാരുണ്യത്തിന്റെ തേൻമഴ പെയ്യിക്കുന്ന പരിണാമമാണ് ബ്രദർ മാത്യു ആൽബിന്റെ ജീവിതമെന്നും സമാധാനത്തിന്റെ ബിംബമാണ് ശാന്തി ഭവൻ എന്നും ജി.സുധാകരൻ പറഞ്ഞു.

സബർമതി സാംസ്ക്കാരിക സമിതി പ്രസിഡന്റ് ജോസഫ് മാരാരിക്കുളത്തിന്‌ പുസ്തകത്തിന്റെ കോപ്പി നൽകി ജി.സുധാകരൻ പ്രകാശനം നിർവഹിച്ചു.ശാന്തി ഭവൻ ട്രസ്റ്റി കൈനകരി അപ്പച്ചൻ അദ്ധ്യക്ഷനായി.ഐ.എം.എസ് ധ്യാനഭവൻ ഡയറക്ടർ ഫാ.ഫ്രാൻസിസ് ചന്തൻ,സെൻ്റ് ജോൺ മരിയ വിയാനി ചർച്ച് വികാരി ഫാ. ക്ലീറ്റസ് കാരക്കാട്ട്, എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.പുന്നപ്ര തെക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ്.തോബിയാസ് തെക്കേപാലക്കൽ, അലിയാർ എം. മാക്കിയിൽ, സബർമതി സാംസ്ക്കാരിക സമിതി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, രാജു പള്ളിപ്പറമ്പിൽ, വാർഡ് മെമ്പർ ജസ്സി സോണി, പി.എ.കുഞ്ഞുമോൻ, ബേബി പറക്കാടൻ, ഷാജി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ശാന്തി ഭവൻ ട്രസ്റ്റി ബിനോയി തങ്കച്ചൻ സ്വാഗതവും ബ്രദർ മാത്യു ആൽബിൻ നന്ദിയും പറഞ്ഞു.