മാലിന്യങ്ങൾ കടലിൽ തള്ളിയ സ്ഥാപനത്തിന് പിഴ

Friday 24 April 2026 3:35 AM IST

ആലപ്പുഴ: മാലിന്യങ്ങൾ കടലിൽ തള്ളിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബീച്ചിലെ ബജിക്കടയിൽ നിന്ന് പിഴ ഈടാക്കി നഗരസഭ. മാലിന്യം തള്ളുന്ന ദൃശ്യങ്ങളോടെ വാട്സാപ്പ് നമ്പറിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ കർശനമായ നടപടികൾ തുടരുമെന്ന് നഗരസഭ സെക്രട്ടറി സനിൽ എസ്. അറിയിച്ചു. തുറമുഖ വകുപ്പിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒട്ടും കാര്യക്ഷമമല്ലെന്ന് നഗരസഭ വെളിപ്പെടുത്തി. ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ളാസ്സുകളും പലയിടങ്ങളിലും നിക്ഷേപിക്കുന്നത് പതിവാണ്. ഇതിനെതിരെ ശക്തമായ പരിശോധനകളും നടപടിയും ഉണ്ടാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം നൗഫൽ എന്നിവർ അറിയിച്ചു.