ഇടമലക്കുടിയിലെ റേഷൻ വെട്ടിപ്പ്

Friday 24 April 2026 12:01 AM IST

ആദിവാസികളെ പറ്റിക്കുന്നതിൽ കക്ഷിഭേദമൊന്നുമില്ല. ആദിവാസി ക്ഷേമത്തിനായി വകകൊള്ളിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന ഫണ്ടുകളിൽ ചെറിയ ശതമാനം പോലും അവരുടെ ക്ഷേമത്തിനായി വിനിയോഗിക്കപ്പെട്ടിട്ടില്ല. ഇത്തരം പണത്തിന്റെ ഏറിയ പങ്കും രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ പോക്കറ്റിലേക്കാണ് പോയിട്ടുള്ളത്. കൃഷിയോഗ്യമല്ലാത്ത ഭൂമി നൽകിയും വാസയോഗ്യമല്ലാത്ത വീടുകൾ നൽകിയും അവരെ പറ്റിക്കുന്ന വാർത്തകൾക്ക് അവസാനമില്ല. പട്ടിണി കാരണം ഏതെങ്കിലും ആദിവാസി റേഷനരി മോഷ്ടിച്ചാൽ അവനെ പിടിച്ചുകെട്ടി വിചാരണചെയ്ത് അടിച്ചുകൊല്ലാൻ ആളുകൂടും. എന്നാൽ, ആദിവാസികൾക്കായുള്ള റേഷനരി വെട്ടിച്ച് കടത്തിയവർക്ക് പിന്നാലെ ആരും പോകില്ല. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിക്കായുള്ള 65 മെട്രിക് ടൺ ഭക്ഷ്യധാന്യം വെട്ടിച്ചുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. നൂറുകണക്കിന് ഗോത്രകുടുംബങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട റേഷനരിയാണ് അവരുടെ അജ്ഞത മുതലെടുത്ത് ഒരുസംഘം ഉദ്യോഗസ്ഥരും ഇടനിലക്കാരും തട്ടിയെടുത്തിരിക്കുന്നത്.

സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ പരിശോധനയിലാണ് വെട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ഭക്ഷ്യകമ്മിഷൻ സർക്കാരിന് ശുപാർശ നൽകുകയും ചെയ്തു. ഗിരിജൻ സർവീസ് സഹകരണ സംഘത്തിന്റെ ചുമതലയിലാണ് ഇടമലക്കുടിയിൽ റേഷൻ വിതരണം നടക്കുന്നത്. ആദിവാസികൾ റേഷൻകടയിൽ വരുമ്പോൾ സ്റ്റോക്കില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുന്നതാണ് ഇവരുടെ പതിവ് രീതി. പകരം പിന്നീട് നൽകാമെന്ന് പറഞ്ഞ് ടോക്കൺ നൽകും. ഇത് നിയമവിരുദ്ധമാണെന്ന് ഭക്ഷ്യകമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ടോക്കണുമായി കിലോമീറ്ററുകൾ നടന്ന് പിന്നീട് എത്തുമ്പോൾ സമയപരിധി കഴിഞ്ഞതിനാൽ റേഷൻ നൽകാനാവില്ല എന്നുപറഞ്ഞും തിരിച്ചയയ്ക്കും. സിവിൽ സപ്ളൈസിലെ മുകളിലുള്ള അധികൃതരും ലൈസൻസിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ റേഷൻ വെട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പുറത്തുവന്ന മാദ്ധ്യമ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നത്. ആദിവാസി മേഖലയിലുള്ള റേഷൻകടകളിൽ അടിസ്ഥാന രേഖകളോ രജിസ്റ്ററുകൾ പോലുമോ സൂക്ഷിക്കുന്നുമില്ല. ഇതൊക്കെ പരിശോധിച്ച് നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ അനങ്ങിയിട്ടുമില്ല.

ഇടമലക്കുടിയിലുള്ളവർ വനവിഭവങ്ങളെയും റേഷൻ ഭക്ഷ്യവസ്തുക്കളെയും മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. ഉഷ്‌ണകാലത്ത് വനവിഭവങ്ങളുടെ ലഭ്യത വളരെ കുറവാണ്. അതിനിടയിൽ അവർക്ക് ന്യായമായി ലഭിക്കേണ്ട റേഷൻ കൂടി നൽകാതിരിക്കുന്നത് പരമമായ അപരാധമാണ്. ആദിവാസി പട്ടിണി കിടന്നാലും മരിച്ചാലും ആർക്കെന്ത് ചേതം എന്ന രീതിയിലുള്ള സമീപനം ഇവിടെ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് കാലാകാലമായി തുടർന്നുവരുന്നുണ്ട്. ആദിവാസികൾ വലിയ വോട്ടുബാങ്ക് അല്ലാത്തതിനാൽ രാഷ്ട്രീയകക്ഷികൾക്കും അവരുടെ ക്ഷേമത്തിൽ ഒരു താത്‌പര്യവുമില്ല. അതുകൊണ്ടുകൂടിയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള തട്ടിപ്പിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. താലൂക്കിലെ സപ്ളൈയുടെ ചുമതല വഹിക്കുന്ന ഓഫീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും കൃത്യമായി ഇടപെടുകയും പരിശോധനകൾ നടത്തുകയും ചെയ്തിരുന്നെങ്കിൽ ‌ ആദിവാസികൾ ഇങ്ങനെ പറ്റിക്കപ്പെടുകയില്ലായിരുന്നു.

ആദിവാസികൾക്ക് ലഭിക്കേണ്ട 65 മെട്രിക് ടൺ ഭക്ഷ്യധാന്യം എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണവും ആവശ്യമാണ്. ‌ രഹസ്യമായി ഇത് വാങ്ങിയവരും പിടിക്കപ്പെടേണ്ടതാണ്. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയ ഏർപ്പാടാണ് ഇടമലക്കുടിയിൽ നടന്നത്. ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ഇത്തരം കൊള്ളകൾ ഇനിയും ആവർത്തിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.

ഇടമലക്കുടിയിലെ ഓരോ ഗോത്രവർഗക്കാരനും കൃത്യമായി റേഷൻ ലഭിക്കുന്നുണ്ട് എന്നത് ഉറപ്പാക്കാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താനും സർക്കാർ തയ്യാറാകണം. ആദിവാസികളുടെ അന്നം മോഷ്ടിച്ചവരെ തന്നെ തുടർന്നും റേഷൻ വിതരണം ഏൽപ്പിക്കാതിരിക്കാനുള്ള നടപടിയാണ് ആദ്യം സ്വീകരിക്കേണ്ടത്.