തമിഴ്നാട്ടിൽ റെക്കാഡ് പോളിംഗ്; 85 ശതമാനം കടന്നു,​ കഴിഞ്ഞ തവണത്തെക്കാൾ 25 ലക്ഷം വോട്ടുകൾ അധികം,​ പിന്നിൽ വിജയ് എഫക്ട്?​

Thursday 23 April 2026 10:19 PM IST

ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി കണ്ടത് റെക്കാഡ് പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 85.03 ശതമാനം പോളിംഗാണ് തമിഴ്നാട്ടിൽ രേഖപ്പെടുത്തിയത്. തമിഴ്‌നാടിന്റെ ചരിത്രത്തിലാദ്യമായാണ് പോളിംഗ് 80 ശതമാനം തന്നെ കടക്കുന്നത്. 2021നെക്കാൾ 11 ശതമാനം അധികം,​ അഥവാ 25 ലക്ഷത്തോളം വോട്ടുകൾ അധികം പോൾ ചെയ്തെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. വിജയ് എഫക്ടാണ് പോളിംഗ് വർദ്ധനയ്ക്ക് പിന്നിലെന്നും ഫലം വരുമ്പോൾ അദ്ഭുതം പ്രതീക്ഷിക്കാമെന്നും ടി.വി.കെ പ്രതികരിച്ചു.

എന്നാൽ മുഖ്യമന്ത്രി എം,​കെ. സ്റ്റാലിൻ ടി.വി.കെയുടെ വാദം തള്ളി. പോളിംഗ് ശതമാനം ഉയർന്നതിന് പിന്നിൽ വിജയ് എഫക്ട് അല്ലെന്നും അധികാരത്തുടർച്ച നേടുമെന്നും സ്റ്റാലിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആകെ 5 കോടി 73 ലക്ഷം വോട്ടർമാരുള്ള തമിഴ്‌നാട്ടിൽ വിജയ് എഫക്ട് ഉണ്ടായിരുന്നെങ്കിൽ 5 കോടിയിലധികം വോട്ടുകൾ പോൾ ചെയ്യുമായിരുന്നു എന്നാണ് ഡി.എം.കെയുടെ വാദം. 2021ലെ 4.6 കോടി വോട്ടുകളെക്കാൾ 25 ലക്ഷത്തിന്റെ വർദ്ധന മാത്രമാണ് ഉണ്ടായതെന്നാണ് ഡി.എം.കെയുടെ നിലപാട്. അതേസമയം ഭരണവിരുദ്ധ വികാരമാണ് വോട്ടിംഗിൽ പ്രതിഫലിച്ചതെന്ന് എ.ഐ.എ.ഡി.എം.കെയും വ്യക്തമാക്കി.

വോട്ട് ശതമാനത്തിൽ സ്ത്രീകളാണ് മുന്നിൽ. വിജയ് മത്സരിച്ച പെരമ്പൂർ,​ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂരിലും പോളിംഗ് ഉയർന്നു. ചെന്നൈ തെയ്നാംപേട്ട് എസ്.ഐ.ഇ.ടി കോളേജിലാണ് സ്റ്റാലിൻ വോട്ട് ചെയ്തത്. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി എടപ്പാടിയിലെ സ്കൂളിലും വിജയ് നീലാങ്കരയിലെ സ്കൂളിലുമാണ് വോട്ട് ചെയ്തത്.