എല്ലാം ചൂടിൽ കരിഞ്ഞു,​ കാർഷികമേഖലയിൽ കണ്ണീർ മാത്രം

Friday 24 April 2026 12:39 AM IST

തൊടുപുഴ: കനത്തചൂടിൽ കരിഞ്ഞുണങ്ങി കാർഷികമേഖല. ഒന്നു മുതൽ മൂന്നുമാസ കാലയളവിൽ വിളവെടുക്കാൻ കഴിയുന്ന കൃഷികളാണ് ചൂടിൽ പ്രധാനമായും നശിച്ചത്. ചൂടിനൊപ്പം ജലദൗർലഭ്യവും ഏറിയതോടെ കൃഷിയിടങ്ങൾ നനയ്ക്കാനാകാത്തതാണ് പ്രതിസന്ധി. ചീര, പാവൽ, പയർ, വഴുതന, വെണ്ട, മുളക്, മത്തൻ, തക്കാളി, വെള്ളരി തുടങ്ങിയ നിത്യേന രണ്ടുനേരം നനയ്ക്കേണ്ട കൃഷികളാണ് നശിച്ചതിൽ ഏറെയും. ഒഴിഞ്ഞ പാടശേഖരങ്ങളിലും, തണ്ണീർത്തടങ്ങളിലും, പുരയിടങ്ങളിലുമാണ് ഇത്തരം കൃഷികൾ വ്യാപകമായി ചെയ്തിരുന്നത്. എന്നാൽ ചൂട് കനത്തതോടെ പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും വറ്റിവരണ്ടു. കനാൽ ജലം ലഭിക്കുന്ന ഇടങ്ങളിൽ കൃഷിനടക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ കർഷകർ വലിയ പ്രതിസന്ധിയിലാണ്. നഷ്ടപരിഹാരം ലഭിക്കും വിധമുള്ള വിളനാശമായി സർക്കാർ കണക്കാക്കാത്തതിനാൽ കൃഷിവകുപ്പിൽ നിന്നും കർഷകർക്ക് ആനുകൂല്യം ലഭിക്കില്ല.

 വിഷുവിനും

നേട്ടമായില്ല

കാർഷികവിളകൾ കരിഞ്ഞുണങ്ങിയത് കഴിഞ്ഞ വിഷുക്കാലത്ത് കർഷകർക്ക് വലിയ തിരിച്ചടിയായിരുന്നു. ശരിയാംവിധം വിളവെടുപ്പ് നടന്നിരുന്നുങ്കിൽ ലാഭകരമാകുമായിരുന്ന കൃഷിയാണ് നശിച്ചതിൽ പലതും. ഭൂമി പാട്ടത്തിനെടുത്തും തൊഴിലാളികളെ

നിയോഗിച്ചും കൃഷി ഇറക്കിയവർ വലിയ പ്രതിസന്ധിയിലായി. ഓണം ലക്ഷ്യമിട്ട് നട്ട വാഴകളും കൊടും ചൂടിൽ നിലം പൊത്താൻ തുടങ്ങിയതും ഇരുട്ടടിയാവുകയാണ്. കാർഷിക ലോണെടുത്ത് വിപുലമായി കൃഷി നടത്തിയവരെയും വേനൽ ചൂട് ശരിയ്ക്കും പൊള്ളലേൽപ്പിച്ചു.

 പന്നിശല്യം

രൂക്ഷം

വരൾച്ചയ്ക്ക് പുറമേ മലയോരമേഖലകളിൽ കാട്ടുപന്നിശല്യം വർധിച്ചതും പ്രതിസന്ധിയാണ്. നട്ട വിളകളെല്ലാം പന്നികൾ കൂട്ടത്തോടെ കുത്തിമറിയ്ക്കാൻ തുടങ്ങിതോടെ പറമ്പുകളെല്ലാം കാലിയായിത്തുടങ്ങി. കൂടാതെ കാട്ടാനശല്യവും കുരങ്ങും മലയണ്ണാനുമെല്ലാം കർഷകരുടെ പ്രതീക്ഷകൾ തകിടം മറിയ്ക്കുകയാണ്. ഇതിന് പുറമേ വരൾച്ച കൂടി കടുത്തത് കർഷകർക്ക് വലിയ തിരിച്ചടിയായി. ചൂടിൽ വെള്ളവും തീറ്റയും ലഭിക്കാതായതോടെയാണ് കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങാൻ തുടങ്ങിയിരിക്കുന്നത്.

'' സർക്കാർ തലത്തിൽ സഹായം നൽകിയില്ലെങ്കിൽ കർഷകർ വലിയ ദുരിതത്തിലാകും'' കെ.കെ സദാശിവൻ, കർഷകൻ