കാരുണ്യത്തിന്റെ പുതുവഴിയിൽ ആശ്രയമേകി എൻ.എസ്. എസ് വാളണ്ടിയർമാർ 

Friday 24 April 2026 12:40 AM IST
അടിമാലി എസ് .എൻ .ഡി .പി .വി .എച്ച് .എസ് എസിലെ എൻ എസ് എസ് വോളണ്ടിയർമാർ പാലിയേറ്റീവ് രോഗികളുടെ വീടുകൾ സന്ദർശിച്ചു ആശയ വിനിമയം നടത്തുന്നു

അടിമാലി: അവധിക്കാലം ആഘോഷങ്ങൾക്കും വിനോദങ്ങൾക്കുമായി മാറ്റിവെക്കുന്നവർക്കിടയിൽ സേവനത്തിന്റെ പുതുവഴി തേടുകയാണ് അടിമാലി എസ്. എൻ. ഡി. പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ എൻ.എസ്എസ് വാളണ്ടിയർമാർ. മദ്ധ്യവേനലവധി തുടങ്ങിയത് മുതൽ അടിമാലി താലൂക്ക് ആശുപത്രി, ദേവിയർ, ചിത്തിരപുരം, വെള്ളത്തൂവൽ പബ്ലിക് ഹെൽത്ത് സെന്ററുകളുമായി സഹകരിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് വിദ്യാർത്ഥികൾ.

കിടപ്പിലായ രോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകുന്ന പാലിയേറ്റിവ് ഹോം കെയർ പദ്ധതിയിൽ വളണ്ടിയർമാർ സജീവമാണ്. രോഗികളുടെ വീടുകളിലെത്തി ആവശ്യമായ സഹായം നൽകുന്നതിനൊപ്പം മാനസികമായ കരുത്ത് പകരുകയും ചെയ്യുകയാണ് ഈ കൗമാരപ്രായക്കാർ.ഇതിനുപുറമെ ഭിന്നശേഷി വിദ്യാർത്ഥികളെ സഹായിക്കാനും ദൈനംദിന കാര്യങ്ങളിൽ കൈത്താങ്ങാവാനും വളണ്ടിയർമാർ സമയം കണ്ടെത്തുന്നു. ഭിന്നശേഷി കുട്ടികളുടെ പഠന സാമൂഹിക പ്രവർത്തനങ്ങളിൽ സഹായികളായി നിന്നുകൊണ്ട് അവരിലൊരാളായി മാറുകയാണ് എൻ.എസ്എസ് അംഗങ്ങൾ. 'സേവനത്തിന് അവധിയില്ല' എന്ന സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

സ്‌കൂൾ പ്രിൻസിപ്പൽ എം എസ് അജി, പ്രോഗ്രാം ഓഫീസർ ബി അജയ്, നഴ്സുമാരായ ട്രീസ അഗസ്റ്റിൻ, പ്രിയമ്മ സെബാസ്റ്റ്യൻ; അനീസ് സണ്ണി, സ്മിത ഇ.വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.