ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസെടുത്തു

Friday 24 April 2026 8:00 AM IST

ആലപ്പുഴ: റോഡപകടത്തിൽപ്പെട്ട് ജനറൽ ആശുപത്രിയിലെത്തിച്ച യുവാവ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ അസഭ്യം പറഞ്ഞതായും ജോലി തടസ്സപ്പെടുത്തിയതായും പരാതി. സംഭവത്തിൽ പുന്നപ്ര നോർത്ത്പഞ്ചായത്ത് രണ്ടാം വാർഡിൽ പള്ളിവെളിവീട്ടിൽ ശരത് പ്രസാദിനെതിരെ (41) ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് ചുടുകാട് ഭാഗത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോടിയിൽ ഇടിച്ച് അപകടമുണ്ടായി.

ഓട്ടോറിക്ഷ ഡ്രൈവർ പരിക്കുപറ്റിയ പ്രതിയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇയാളെ അത്യാഹിത വിഭാഗത്തിൽപ്രവേശിപ്പിച്ചപ്പോൾ,​ പരിശോധിക്കാനെത്തിയ ഡോക്ടറോട് തന്നോട് ഒന്നും ചോദിക്കണ്ടെന്നും എക്സ്റേ എടുക്കാൻ എഴുതി തന്നാൽ മാത്രം മതിയെന്നും പറഞ്ഞായിരുന്നു അസഭ്യ വർഷം.

അത്യാഹിത വിഭാഗത്തിൽ ഇയാൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഡോക്ടർക്ക് മറ്റു രോഗികളെ ചികിത്സിക്കാൻ കഴിഞ്ഞില്ലെന്നും ജോലി തടസപ്പെടുത്തിയെന്നു പൊലീസ് പറയുന്നു. ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. ശരത് പ്രസാദ് മുമ്പും വിവിധ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.