വിളവ് ഏക്കറിന് 2 ക്വിന്റൽ, കൊയ്ത്ത് ഉപേക്ഷിച്ച് കർഷകർ
ആലപ്പുഴ : അമ്പലപ്പുഴ സൗത്ത് കൃഷിഭവൻ പരിധിയിലെ 200 ഏക്കറുള്ള മഠത്തിൽ പാടശേഖരത്തിൽ ഓരുവെള്ളം കയറിയത് വൻവിളനാശത്തിന് ഇടയാക്കിയതോടെ കൊയ്ത്ത് ഉപേക്ഷിച്ച് കർഷകർ. ഏക്കറിന് 2ക്വിന്റൽപോലും വിളവ് ലഭിക്കാത്തതിനാലാണ് പാടശേഖരത്തിലെ പകുതിയോളം കൃഷിക്കാർ വിളവെടുപ്പ് ഉപേക്ഷിച്ചത്.
ക്വിന്റലിന് 15കിലോ കിഴിവ് സമ്മതിച്ചിട്ടും നെല്ലേറ്റെടുക്കാൻ മില്ലുകാർ തയ്യാറായില്ല. കഴിഞ്ഞ വർഷം കാലിത്തീറ്റ നിർമ്മാണത്തിനായി ഓയിൽപാം ഇന്ത്യ വഴി മോശം നെല്ലും സംഭരിക്കുകയും കർഷകർക്ക് നെല്ലിന്റെ വില ലഭ്യമാക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തെങ്കിലും ഇത്തവണ ഇക്കാര്യത്തിൽ യാതൊരു നീക്കവും ഉണ്ടായിട്ടില്ല.
പൂക്കൈതയാറിൽ നിന്ന് ഓരുവെള്ളം കയറിയതാണ് കുട്ടനാട്ടിലെ മറ്റ് പാടങ്ങളിലെന്നപോലെ മഠത്തിൽപാടത്തിലെയും കൃഷി നാശത്തിന് ഇടയാക്കിയത്. ഇവിടെ ആകെയുള്ള 130 കർഷകരിൽ പകുതിയോളം പേർ മാത്രമേ പ്രധാനമന്ത്രി ഫസൽ ബീമായോജന ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളൂ. കാലാവസ്ഥാധിഷ്ഠിത ദുരന്തങ്ങളോ രോഗങ്ങളോ കാരണം കൃഷിനാശമുണ്ടായാലേ ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് അർഹതയുളളൂ. ഓരുവെള്ളം കയറിയുള്ള കൃഷി നാശം ഇൻഷ്വറൻസ് പരിരക്ഷയുടെ പരിഗണനയിൽ വരില്ലെന്നാണ് കൃഷി വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓരുവെള്ളം കയറിയുള്ള കൃഷിനാശം സർക്കാരിന്റെശ്രദ്ധയിൽപ്പെടുത്തി പ്രത്യേക ധനസഹായത്തിന് ശുപാർശ ചെയ്യാമെന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ വാക്കുകളിലാണ് ഇനി കർഷകരുടെ പ്രതീക്ഷ. കൊയ്ത്ത് വേണ്ടെന്ന് തീരുമാനിച്ചാലും അടുത്തമാസം വിതയ്ക്കുള്ള ഒരുക്കങ്ങൾ എങ്ങനെ പൂർത്തിയാക്കുമെന്നതും വിഷയമാണ്. പാടത്ത് കരിഞ്ഞുണങ്ങി നിൽക്കുന്ന കതിരും വൈക്കോലും നീക്കം ചെയ്താലേ അടുത്ത കൃഷി സാദ്ധ്യമാകൂ. സർക്കാർ തലത്തിൽ നെല്ലേറ്റെടുത്ത് കാലിത്തീറ്റയ്ക്കോ മറ്റോ കൈമാറേണ്ടിവരും.
ഉഷ്ണതരംഗവും ഓരുവെള്ളവും
1. ഒരു ഏക്കറിൽ വിത മുതൽ വിളവെടുപ്പ് വരെ വിവിധ ഘട്ടങ്ങളിലായി അരലക്ഷം രൂപയോളം കർഷകർക്ക് ചെലവ് വരും
2. ഒരു ഏക്കറിന് കൃഷി വകുപ്പ് കണക്കാക്കുന്ന 22 ക്വിന്റലിന്റെ സ്ഥാനത്താണ് 2 ക്വിന്റൽ വിളവ് ഇവിടെ ലഭിച്ചത്
3. മാർച്ച് 25ന് കൊയ്ത്ത് നടക്കേണ്ട പാടത്ത് ഒരുമാസം പിന്നിട്ടപ്പോൾ ഉഷ്ണതരംഗവും ഓരുവെള്ളത്തിന്റെ കാഠിന്യവും തിരിച്ചടിയായി
4. ഇതോടെയാണ് കൊയ്ത്തിന് കൂടി പണം ചെലവഴിക്കേണ്ടെന്ന തീരുമാനത്തിലേക്ക് കർഷകരെ എത്തിച്ചത്
ഓരുവെള്ളം കവിഞ്ഞുകയറിയത് കർഷകരുടെ കുഴപ്പം കൊണ്ടല്ലെന്നിരിക്കെ ഇൻഷ്വറൻസ് ആനുകൂല്യമോ സർക്കാർ നഷ്ടപരിഹാരമോ ലഭ്യമാക്കണം. അല്ലാത്ത പക്ഷം ഓയിൽപാം ഇന്ത്യപോലുള്ള സർക്കാർ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഭരണത്തിന് നടപടിയെടുക്കണം
- ശൈലേന്ദ്രൻ, സെക്രട്ടറി. പാടശേഖരസമിതി