പാത്തിപ്പാലം പുഴയിൽ പരുന്തുകൾ ചത്ത നിലയിൽ

Thursday 23 April 2026 11:23 PM IST

പാനൂർ: പാട്യത്തിന്റെയും മൊകേരിയുടെയും അതിർത്തിയായി ഒഴുകുന്ന പാത്തിപ്പാലം പുഴയിൽ രണ്ട് പരുന്തുകളെ ചത്ത നിലയിൽ കണ്ടെത്തി. കഠിന വേനൽ കാലമായതോടെ മുറിഞ്ഞൊഴുകുന്ന പാത്തിപ്പാലം പുഴയിൽ നൂറുകണക്കിന് കാക്കകൾ രാപകൽ ഭേദമില്ലാതെ കുളിക്കാറുണ്ട്. അതിനിടയിലാണ് ഏതാനും ദിവസങ്ങളായി പരുന്തുകളും എത്തുന്നത്.

രണ്ടുമൂന്നു വർഷങ്ങളായി പാത്തിപ്പുഴയ്ക്ക് താഴെയുള്ള തയ്യിൽ പുഴയിലും മുതുവന പുഴയിലെ പാറയ്ക്ക് സമീപവും കൂട്ടത്തോടെ പരുന്തുകൾ വരാറുണ്ട്. മുതുവന പാറയ്ക്ക് സമീപമുള്ള പറമ്പുകളിലും വീടുകളിലും പരുന്ത് ശല്യം വർദ്ധിക്കുകയാണ്. അവിടുന്നാണ് പുഴയിലേക്കും പരുന്ത് വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും പക്ഷിപ്പനി ഭീതി നിലനിൽക്കെ പരുന്തുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാരിൽ ആശങ്കയുണ്ടാക്കി.

വ്യാഴാഴ്ച ഉച്ചയോടെ പുഴക്കരയിൽ പരുന്തുകളുടെയും, കാക്കകളുടെയും കൂട്ടതോടെയുള്ള കരച്ചിൽ കേട്ടെത്തിയവരാണ് പരുന്തുകളെ ചത്തനിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണോ, വിഷബാധയാണോ, അല്ലെങ്കിൽ മറ്റ് കാരണങ്ങളാണോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.