എം. ലീലാമ്മ നിര്യാതയായി
കൊല്ലം: സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർപേഴ്സണുമായിരുന്ന കൊട്ടാരക്കര നെടുവത്തൂർ ആലുവിള വീട്ടിൽ എം.ലീലാമ്മ (68) നിര്യാതയായി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എഴുകോണിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലും ആനക്കോട്ടൂരിലെ വീട്ടുവളപ്പിലും പൊതുദർശനത്തിന് വച്ചശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ മത്തായിയുടെയും ശോശാമ്മയുടെയും മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതരായ സദാനന്ദൻ, ലില്ലി, തങ്കപ്പൻ.
മന്ത്രി കെ.എൻ.ബാലഗോപാൽ, സി.പി.എം നേതാക്കളായ പി.കെ.ശ്രീമതി, ജെ.മേഴ്സിക്കുട്ടി അമ്മ, സൂസൻ കോടി, പി.കെ.ഗുരുദാസൻ, എസ്.സുദേവൻ, എസ്.ജയമോഹൻ, പി.കെ.അനിരുദ്ധൻ, എസ്.എൽ.സജികുമാർ, ജെ.രാമാനുജൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.