റെക്കാഡ് പോളിംഗ്: തമിഴ്നാട്ടിൽ 85 % ബംഗാളിൽ 92.07 %
ന്യൂഡൽഹി/ ചെന്നൈ: തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രണ്ടിടത്തും.
2011ൽ തമിഴ്നാട്ടിൽ 78.29 ശതമാനവും ബംഗാളിൽ 84.72 ശതമാനവും രേഖപ്പെടുത്തിയതായിരുന്നു രണ്ടിടത്തെയും റെക്കാഡ്. അന്ന് തമിഴ്നാട്ടിൽ 203 സീറ്റ് നേടി അണ്ണാ ഡി.എം.കെയുടെ ജയലളിത ഭരണത്തിലെത്തിയപ്പോൾ, ബംഗാളിൽ ആദ്യമായി തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തി.
തമിഴ്നാട്ടിൽ പോളിംഗ് സമാധാനപരമായിരുന്നു. തിരുപ്പത്തൂരിൽ വോട്ടുചെയ്യുന്ന ദൃശ്യം പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ടി.വി.കെ പ്രവർത്തകൻ അറസ്റ്റിലായി. വിജയ്‌യുടെ റാലിക്കിടെ 41 പേരുടെ ജീവൻ നഷ്ടപ്പട്ട ദുരന്തം നടന്ന കരൂർ ജില്ലയിലാണ് ഏറ്റവും കുടുതൽ പോളിംഗ്. 92.62%. നാമക്കൽ (87.63%), ഈറോഡ് (87.59%), ധർമ്മപുരി (87.28%), ദിണ്ടിഗുൾ (86.35%), തിരുപ്പൂർ (86.33%). എന്നിവിടങ്ങളിലാണ് കനത്ത പോളിംഗ്.
ചെന്നൈയിൽ 81.34%, മധുരയിൽ 77.89%, കോയമ്പത്തൂർ 82.33%, സേലം 88.02%, തിരുച്ചിറപ്പള്ളിയിൽ 82.76% എന്നിങ്ങനെ പോളിംഗ് രേഖപ്പെടുത്തി.
പശ്ചിമ ബംഗാളിൽ വ്യാപകമായ അക്രമം റിപ്പോർട്ട് ചെയ്തു. മുർഷിദാബാദിൽ ഹുമയൂൺ കബീറിന്റെ ആം ജനത ഉന്നയാൻ പാർട്ടിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും പ്രവർത്തകർ ഏറ്റുമുട്ടി. വോട്ടിംഗ് യന്ത്രം തകരാറിലായതിന്റെ പേരിൽ പലയിടത്തും അക്രമമുണ്ടായി. അസൻസോൾ സൗത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി അഗ്നിമിത്ര പോളിന്റെ കാർ തകർത്തു. പുരുലിയയിൽ തൃണമൂൽ പ്രവർത്തകരും കേന്ദ്ര സൈനികരും ഏറ്റുമുട്ടി. കനത്ത ചൂടിൽ മൂന്ന് വോട്ടർമാർ മരിച്ചു.