തിരുവമ്പാടിക്ക് ഇന്ന് ദുഃഖാചരണം നാളെ പന്തൽ മിഴി തുറക്കും
തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണശാലയിലെ തീപിടിത്തത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായതിൽ ഇന്ന് തിരുവമ്പാടിയുടെ ദുഃഖാചരണം. ക്ഷേത്രത്തിലും പന്തലുകളിലും ഗോപുരത്തിലും വിളക്ക് തെളിക്കില്ല. ആഘോഷങ്ങൾ ഒഴിവാക്കും.
ദുരന്തം സംഭവിച്ചെങ്കിലും പൂരത്തിനെത്തുന്നവരെ നിരാശരാക്കാതിരിക്കാൻ നാളെ ദീപാലങ്കാരങ്ങൾ ഒരുക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ അറിയിച്ചു.
26ന് രാവിലെ മഠത്തിൽ വരവും മറ്റ് ചടങ്ങുകളും ആചാരമായി നടക്കും. വൈകിട്ടത്തെ കുടമാറ്റം 15 മിനിറ്റിൽ അവസാനിപ്പിച്ച് രാജാവിന്റെ പ്രതിമ വണങ്ങി മടങ്ങും. രാത്രിപൂരത്തിന്റെ ഭാഗമായും മഠത്തിൽ വരവ് ഉൾപ്പെടെ നടക്കുമെങ്കിലും വെടിക്കെട്ട് ഉണ്ടായിരിക്കില്ല, പകരം കതിനകൾ മാത്രംനിരത്തും. പുലർച്ചെ വെടിക്കെട്ട് നടത്താൻ തൃശൂർ പൂരത്തിന് മാത്രമുള്ള അവകാശം നിലനിറുത്തുന്നതിന്റെ കൂടി ഭാഗമായാണ് കതിനകൾ പൊട്ടിക്കുന്നതെന്നും ഗിരീഷ് കുമാർ കേരളകൗമുദിയോട് പറഞ്ഞു.
പൂരം കഴിഞ്ഞ് തിരുവമ്പാടി സഹായം
സാമ്പിൾ വെടിക്കെട്ടിനുള്ള സാമഗ്രികൾ ഒരുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമുള്ള സഹായം പൂരത്തിന് ശേഷം തിരുവമ്പാടി ദേവസ്വം പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 14 ലക്ഷം വീതവും കല്യാൺ 5 ലക്ഷവും ലുലു ഗ്രൂപ്പ് ഒരു ലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്.