ഷെയർ ടാക്‌സിയെന്ന് കബളിപ്പിച്ചു ഓടുന്ന കാറിനുള്ളിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം
യുവതി സാഹസികമായി രക്ഷപ്പെട്ടു
പ്രതികൾ അറസ്റ്റിൽ
വിഴിഞ്ഞം: ഓടുന്ന കാറിൽ പട്ടാപ്പകൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം.ബലപ്രയോഗത്തിലൂടെ സാഹസികമായി യുവതി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. യുവതി കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ വിഴിഞ്ഞം പൊലീസ് പിടികൂടി.
വിഴിഞ്ഞം കല്ലുവെട്ടാൻകുഴി - വെങ്ങാനൂർ റോഡിൽ നടന്ന സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ് (44),അശോകൻ (54) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ 11ഓടെ നഗരത്തിലേക്ക് പോകാൻ കല്ലുവെട്ടാംകുഴി ബസ് സ്റ്റോപ്പിൽ നിന്ന യുവതിയെ,ഷെയർ ടാക്‌സി എന്ന പേരിൽ കബളിപ്പിച്ച് പ്രതികൾ കാറിൽ കയറ്റുകയായിരുന്നു.
യുവതി പിൻസീറ്റിൽ കയറിയതോടെ,ഡ്രൈവർ സീറ്റിലിരുന്ന അജിത്‌രാജ് പിൻസീറ്റിലേക്ക് മാറി. ഈ സമയം അശോകൻ ഡ്രൈവർ സീറ്റിൽ കയറി. കാർ നീങ്ങിത്തുടങ്ങിയതോടെ ഇയാൾ ഉപദ്രവിക്കാൻ തുടങ്ങി. യുവതി ബഹളം വച്ചതോടെ വാഹനത്തിന്റെ വേഗത കുറച്ചു. ഇതോടെ യുവതി ഡോർ തുറന്ന് പുറത്തേക്ക് ചാടി സാഹസികമായി രക്ഷപ്പെടുകയായിരുന്നു.
കാറുമായി സംഘം രക്ഷപ്പെട്ടെങ്കിലും യുവതി വാഹനത്തിന്റെ നമ്പർ സഹിതം ഫോട്ടോ എടുത്തു.തുടർന്ന് തമ്പാനൂരിലെത്തി അവിടുത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവം നടന്നത് വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഇവിടേക്ക് കൈമാറി.തുടർന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ റെജി രാജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കോവളത്തു നിന്ന് പിടിയിലായത്. കാറും കസ്റ്റഡിയിലെടുത്തു.പ്രതികളെ റിമാൻഡ് ചെയ്തു.
ഫോട്ടോ: അജിത് രാജ്,അശോകൻ