ബംഗാളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ്: പ്രധാനമന്ത്രി

Saturday 25 April 2026 4:17 AM IST

ന്യൂഡൽഹി: സ്ത്രീ വോട്ടർമാർ വൻ തോതിൽ വോട്ടു ചെയ്തതും കനത്ത പോളിംഗ് രേഖപ്പെടുത്തിയതും പശ്ചിമ ബംഗാളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്നതിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 29ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മധുരാപൂരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്നു. ആദ്യ ഘട്ട വോട്ടെടുപ്പിൽ ബംഗാളിലെ സ്ത്രീകളും യുവാക്കളും തൃണമൂലിനെതിരെ മുന്നണി തുറന്നത് രാജ്യം കാണുകയാണ്. ഫലം വരുന്ന മേയ് 4 തൃണമൂലിന്റെയും അവരുടെ സിൻഡിക്കേറ്റിന്റെയും അവസാനമാണ്. 10 ദിവസങ്ങൾക്ക് ശേഷം, വോട്ടെണ്ണുമ്പോൾ, എല്ലായിടത്തും താമര വിരിയും.

അമ്മമാരെയും പെൺമക്കളെയും ബുദ്ധിമുട്ടിക്കുന്നവരെ സ്ത്രീ വോട്ടർമാർ ഒരിക്കലും മറക്കില്ല. പാർലമെന്റിൽ വനിതാ ബിൽ ചർച്ചയ്ക്ക് വന്നപ്പോൾ തൃണമൂലിന്റെയും ചില പാർട്ടികളുടെയും സ്ത്രീവിരുദ്ധ മുഖം വീണ്ടും വ്യക്തമായി. ലോകം മുഴുവൻ അറിയപ്പെടുന്ന ബംഗാളിന്റെ പൈതൃകം ബി.ജ.പി വന്നാൽ സംരക്ഷിക്കും. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. വൈകിട്ട് ഹൗറയിലെത്തിയ പ്രധാനമന്ത്രി ബേലൂർ രാമകൃഷ്ണ മഠം സന്ദർശിച്ചു. തുടർന്ന് ഹൗറയിൽ റോഡ് ഷോയും നടത്തി.