തമിഴകത്ത് ജനം ഒഴുകിയെത്തി, റെക്കാഡ് പോളിംഗിൽ ആവേശവും ആശങ്കയും
ചെന്നൈ: പോളിംഗ് ബൂത്തുകളിലേക്ക് ജനം ഒഴുകിയെത്തി. തമിഴ്നാടിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയ റെക്കാഡ്.
രാത്രി 8.30 വരെയുള്ള കണക്കുപ്രകാരം പോളിംഗ് ശതമാനം 84.80 ആണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 11.17% കൂടുതൽ. അന്തിമ കണക്കുവരുമ്പോൾ ഇതിലും കൂടിയേക്കും. 2021ൽ 73.63% പോളിംഗായിരുന്നു.
വിദേശരാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വോട്ടു ചെയ്യാൻ മാത്രം ആളുകളെത്തി. വ്യക്തമായ ഒരു തരംഗം വോട്ടർമാക്കിടയിലുണ്ടായി എന്ന് വ്യക്തം. പുതുതലമുറയുടെ വോട്ട് തങ്ങൾക്ക് അനുകൂലമെന്ന കണക്കുകൂട്ടലിലാണ് ടി.വി.കെ.
25% വോട്ടുവരെ ടി.വി.കെ നേടുമെന്നായിരുന്നു വോട്ടിംഗിനു മുമ്പുവരെ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. എന്നാൽ നിലവിലെ സ്ഥിതിയിൽ ടി.വി.കെ അദ്ഭുതം സൃഷ്ടിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.
അതേസമയം 2011ലേതുപോലെ ഭരണ വിരുദ്ധ വികാരം അലയടിച്ചതുകൊണ്ടാണ് പോളിംഗ് ശതമാനം കൂടിയതെന്നാണ് അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ നേതൃത്വം കണക്കാക്കുന്നത്. 2011ലെ ഫലം അണ്ണാ ഡി.എം.കെയ്ക്ക് അനുകൂലമായിരുന്നു.
ഭരണത്തിലെ മികവിന് വോട്ടർമാർ നൽകിയ പിന്തുണയാണ് വോട്ടിംഗ് ശതമാനം കാണിക്കുന്നതെന്ന് ഡി.എം.കെ നേതൃത്വവും അവകാശപ്പെടുന്നു.
എന്തായാലും വോട്ടിംഗ് ശതമാനത്തിലെ റെക്കാഡിൽ നെഞ്ചിടിപ്പിലാണ് ഇരു മുന്നണികളും. ആവേശം കൊള്ളുന്നത് ടി.വി.കെ നേതൃത്വം മാത്രമാണ്. അവസാന ദിവസത്തെ വിജയ്‌യുടെ റാലികളും പ്രസംഗങ്ങളും വോട്ടർമാരെ ആകർഷിച്ചുവെന്നാണ് വിലയിരുത്തൽ.
എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന മുന്നൊരുക്കങ്ങളും അവസാന നിമിഷം വരെ നടത്തിയ പ്രവർത്തനങ്ങളും അനുകൂല തരംഗമുണ്ടാക്കിയെന്ന് ഡി.എം.കെയും അവകാശപ്പെടുന്നുവെങ്കിലും കോൺഗ്രസുമായുള്ള ഐക്യമില്ലായ്മയും മറ്റും ദോഷകരമായി ബാധച്ചേക്കാമെന്നാണ് വിലയിരുത്തൽ
ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നത് അണ്ണാ ഡി.എം.കെയും ബി.ജെ.പിയും ഉൾപ്പെടുന്ന എൻ.ഡി.എയുടെ മികവാണ്. എന്നാൽ തങ്ങളിലേക്ക് ചേരേണ്ട ഭരണ വിരുദ്ധവോട്ടുകൾ വിജയ്‌യുടെ വിസിൽ മുഴക്കത്തിനു പിന്നാലെ പോയോ എന്ന ആശങ്ക ഇവർക്കുണ്ട്.