ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകം പ്രതിയായ 19കാരനെ പിടികൂടി മറ്റൊരാളെയും മാനഭംഗപ്പെടുത്തി
ന്യൂഡൽഹി: മുതിർന്ന ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകളെ മാനഭംഗത്തിന് ശേഷം കൊലപ്പെടുത്തിയ കേസിൽ മുൻ ജോലിക്കാരനായ രാഹുൽ മീണ (19) പിടിയിലായി. രാജസ്ഥാനിലെ ആൾവാർ സ്വദേശിയായ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ സാകേത് കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം 22കാരിയെ മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്ന് മോഷണവും നടത്തി. ഈ കൃത്യത്തിന് മുൻപ് പ്രതി സുഹൃത്തിന്റെ ഭാര്യയെയും മാനഭംഗപ്പെടുത്തി.
ദക്ഷിണ ഡൽഹിയിലെ കൈലാഷിലുള്ള വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ 22 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ഒരു മാസം മുമ്പ് വീട്ടിൽ നിന്ന് പിരിച്ചുവിട്ട പ്രതിയെ പൊലീസ് സംശയിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഡൽഹി ദ്വാരകയിലെ ഹോട്ടലിൽ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
പന്ത്രണ്ടാം ക്ലാസിൽ അഖിലേന്ത്യാ തലത്തിൽ ടോപ്പർ ആയിരുന്ന കൊല്ലപ്പെട്ട യുവതി എൻജിനിയറിംഗ് കഴിഞ്ഞ് യു.പി.എസ്.സി പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു.
സുരക്ഷ മറികടന്ന്
വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന പ്രതി നാലുതലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും മറികടന്നാണ് യുവതിക്കരികിലെത്തിയത്. മാതാപിതാക്കൾ ജിമ്മിൽ പോകുന്ന സമയം നോക്കി ബുധനാഴ്ച വെളുപ്പിനെ 6.28നാണ് രാഹുൽ വീട്ടുപരിസരത്തെത്തുന്നത്. പെൺകുട്ടി തനിച്ചായിരിക്കുമെന്ന് പ്രതിക്ക് അറിയാമായിരുന്നു. കള്ളത്താക്കോലിട്ട് വീടുതുറന്ന് സുരക്ഷാ സംവിധാനങ്ങളും മറികടന്ന് വീടിന്റെ റൂഫ് ടോപ്പിലെത്തി. യു.പി.എസ്.സി പരീക്ഷയ്ക്ക് പഠിക്കുകയായിരുന്ന പെൺകുട്ടി രാഹുലിനെ കണ്ട് അമ്പരന്നു. ജോലിക്കു വിളിച്ചതാണെന്ന് മറുപടി പറഞ്ഞെങ്കിലും പെൺകുട്ടി വിശ്വസിച്ചില്ല. തുടർന്ന് വാക്കുതർക്കമുണ്ടായി. അക്രമാസക്തനായ പ്രതി ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് ബോധരഹിതയാക്കി. തുടർന്ന് മാനഭംഗപ്പെടുത്തി. യുവതിയെ റൂമിലെത്തിച്ച് വിരലുപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഓൺലൈൻ ഗെയിമിന് അടിമയായിരുന്ന പ്രതി പലരിൽ നിന്ന് പണം കടം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വീട്ടുകാർ പിരിച്ചുവിട്ടത്.