ഇറാൻ പരമോന്നത നേതാവിന്റെ മുഖം വികൃതമായി, പ്ളാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് ഉന്നത ഉദ്യോഗസ്ഥർ

Friday 24 April 2026 11:08 AM IST

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മൊജ്‌താബ ഖമനേയിക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി സ്ഥിരീകരിച്ച് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ. ഒരു കാലിന് മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയെന്നും കൃത്രിമകാൽ വയ്ക്കാനൊരുങ്ങുകയാണെന്നും നാല് ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തി.

ഒരു കൈയ്ക്കും ശസ്ത്രക്രിയ നടത്തി. ഇത് പതിയെ പ്രവർത്തനക്ഷമമാകുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. മുഖത്തും ചുണ്ടുകൾക്കും ഗുരുതരമായി പൊള്ളലേറ്റതിനാൽ സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പ്ളാസ്റ്റിക് സർജറി ആവശ്യമായി വരുമെന്നാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.

ഇറാൻ പരമോന്നത നേതാവായി ചുമതലയേറ്റതിനുശേഷം മൊജ്‌താബ പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അവശനാണെന്ന് മറ്റുള്ളവരെ അറിയിക്കാൻ അദ്ദേഹം താത്‌പര്യപ്പെടുന്നില്ല. കൈപ്പടയിലെഴുതിയ കത്തുകൾ എൻവലപ്പിൽവച്ച് സീൽ ചെയ്ത് കാർ അല്ലെങ്കിൽ ബൈക്ക് മുഖാന്തിരമാണ് അദ്ദേഹത്തിന്റെ ഒളിസങ്കേതത്തിൽ എത്തിക്കുന്നത്. ഇസ്രയേൽ കണ്ടുപിടിക്കുമെന്നും കൊല്ലുമെന്നും ഭയമുള്ളതിനാൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പോലും മൊജ്‌താബയെ സന്ദർശിക്കാറില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിൽ നിലവിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് സൈന്യമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇസ്ളാമിക് റെവല്യൂഷനറി ഗാർഡ് കോർപ്പ്‌സ് കമാൻഡർമാരാണ് യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷാ എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. മൊജ്‌താബയാണ് ബോർഡിന്റെ ഡയറക്‌ടർ. ഉത്തരവുകളിൽ ഒപ്പ് വയ്ക്കുന്നത് അദ്ദേഹമാണെങ്കിലും നിലവിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും നിയന്ത്രിക്കുന്നതും സൈന്യമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.