രാഘവ്  ഛദ്ദ ഉൾപ്പെടെ ആം ആദ്‌മിയുടെ എംപിമാർ ബിജെപിയിലേക്ക്

Friday 24 April 2026 4:10 PM IST

ന്യൂഡൽഹി: രാജ്യസഭാംഗമായ രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് ആം ആദ്‌മി പാർട്ടി നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിലേക്ക്. രാജ്യസഭാംഗങ്ങളായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് മറ്റ് രണ്ടുപേർ. ഇത് ആം ആദ്‌മിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വാർത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്.

പാർട്ടിയിലെ മൂന്നിൽ രണ്ട് എംപിമാരും തങ്ങൾക്കൊപ്പമാണെന്ന് മൂന്ന് നേതാക്കളും പറഞ്ഞു. രാജ്യസഭയിൽ ആകെ പത്ത് അംഗങ്ങളാണ് ആം ആദ്‌മി പാർട്ടിക്കുള്ളത്. ഇതിൽ സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, രജീന്ദർ ഗുപ്‌ത, വിക്രം സാഹ്നി എന്നിവരും ഉടൻ ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദ പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിയിൽ നിന്ന് ചില എംപിമാർ വിട്ടുനിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടിയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ആം ആദ്‌മി മാറ്റിയിരുന്നു. രാഘവ് ഛദ്ദ പാർട്ടി വിട്ട് ബിജെപിയിൽ പോവുകയാണെന്നും ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്നുമുള്ള ശക്തമായ ആരോപണം ആം ആദ്‌മി ഉയർത്തിയിരുന്നു.

അരവിന്ദ് കേജ്‌രിവാളിനൊപ്പം പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു രാഘവ് ഛദ്ദ. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് സന്ദീപ് പഥക്. കെജ്‌രിവാൾ കഴിഞ്ഞാൽ പാർട്ടിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.

ജീവിതത്തിലെ 15 വർഷം ആം ആദ്‌മിക്കായി നൽകി. എന്നാൽ, പാർട്ടി ഇപ്പോൾ സത്യസന്ധതയിൽ നിന്ന് ഒരുപാട് അകന്നുപോയിരിക്കുന്നു എന്നാണ് രാഘവ് ഛദ്ദ പറഞ്ഞത്. തെറ്റായ പാർട്ടിയിലെ ശരിയായ ആളാണ് താനെന്നും, പാർട്ടിയിൽ നിന്ന് മാറി ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയാണെന്നും രാഘവ് പറഞ്ഞു. ഡൽഹിയിൽ അധികാരം നേടാൻ സഹായിച്ച അഴിമതി വിരുദ്ധ നിലപാടുകളിൽ നിന്ന് പാർട്ടി വ്യതിചലിച്ചുവെന്നും രാഘവ് പറഞ്ഞു.

നേതാക്കളുടെ രാജിക്ക് പിന്നാലെ പ്രതികരണവുമായി എഎപി നേതാവ് സഞ്ജയ് സിംഗ് വാർത്താസമ്മേളനം നടത്തി. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കീഴിലുള്ള ഭാരതീയ ജനതാ പാർട്ടി 'ഓപ്പറേഷൻ ലോട്ടസ്' ആരംഭിച്ചിട്ടുണ്ടെന്നും ഇത് വിലകുറഞ്ഞ രാഷ്‌ട്രീയ രീതിയാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.