ഫ്രെയിമിൽ നിന്ന് മായാതെ...

Sunday 26 April 2026 2:41 AM IST

ഷാജി എൻ .കരുണിന്റെ പ്രവർത്തന കേന്ദ്രം തിരുവനന്തപുരമായിരുന്നു. ഇവിടെയാണ് അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമ്മിക്കേണ്ടത്. ഏപ്രിൽ 28 ന് ഒന്നാം ചരമ വാർഷികം

' 'പോകാൻ സമയമായെന്നു തോന്നുന്നു ..."

വസതിയായ തിരുവനന്തപുരം ഉദാരശിരോമണി റോഡിലെ 'പിറവി "യിൽ വച്ച് അവസാനമായി സംസാരിക്കവെ ഷാജി സാർ (ഷാജി.എൻ.കരുൺ) പറഞ്ഞു. കട്ടിലിൽ കിടക്കുകയായിരുന്ന അദ്ദേഹത്തോട് അരികിലിരുന്ന് 'എങ്ങനെയുണ്ട്" എന്നു ചോദിച്ചപ്പോഴായിരുന്നു കൈയിൽ പിടിച്ച് ഈ മറുപടി. പതിവായി സംസാരിക്കാനിരിക്കുന്ന സ്വീകരണ മുറിയിലേക്ക് അദ്ദേഹം വന്നില്ല. എഴുന്നേൽക്കാൻ വയ്യെന്നും, നല്ല ക്ഷീണമുണ്ടെന്നും നേരിയ ശബ്ദത്തിൽ പറഞ്ഞു.

പോകാൻ സമയമായെന്ന് ഷാജി സാറിനു ബോദ്ധ്യമായതുപോലെ തോന്നി. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പായിരുന്നു അത്. ഞങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായിരുന്നു. മനസിലൂടെ,​ പരസ്പരം പങ്കുവച്ച നിമിഷങ്ങളുടെ ഒട്ടേറെ ഫ്രെയിമുകൾ അപ്പോൾ കടന്നുപോയി. ചലച്ചിത്ര അക്കാദമിയുടെ രൂപീകരണം മുതലുള്ള നാളുകൾ. 'പിറവി" മുതൽക്കുള്ള സിനിമാ വിശേഷങ്ങൾ. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുമ്പോൾ മൊഹ്സിൻ മഖ് മൽബഫ്, കിം കി ഡുക് തുടങ്ങി വിഖ്യാത ചലച്ചിത്രകാരന്മാരുമായി അഭിമുഖം നടത്തുമ്പോൾ എനിക്കു വേണ്ടി ഫോട്ടോയെടുക്കാൻ വരുന്ന ഷാജി സർ! ഗോവയിൽ വിദേശ ചലച്ചിത്രകാരന്മാർ ഷാജി സാറിനെ കാണുമ്പോൾ പ്രകടിപ്പിക്കുന്ന ആദരവ്!

വിശ്രുത ഇറാനിയൻ സംവിധായകൻ മൊഹ്സിൻ മഖ് മൽബഫ് ഒരിക്കൽ ഷാജിസാറിനോടു ചോദിച്ചു: 'രണ്ടുവർഷം കൂടുമ്പോഴെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്തുകൂടേ" എന്ന്. ലോക ചലച്ചിത്രകാരന്മാർ ആരാധനയോടെ കണ്ട മലയാളിയാണ് ക്യാമറാ ഫ്രെയിമിൽ നിന്ന് ചരിത്രമായി മടങ്ങിയത്. മലയാള സിനിമ,​ ലോകത്തിനു കാഴ്ചവച്ച ഇതിഹാസമായിരുന്നു ഷാജി എൻ.കരുൺ. ജീവിതത്തിൽ ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെ, മാനവികതയിൽ വിശ്വസിച്ച്, എപ്പോഴും സേവനനിരതനായി... ആ ജീവിതം അങ്ങനെ യാത്രയായിട്ട് ഏപ്രിൽ 28 ന് ഒരു വർഷമാകുന്നു.

ഡോക്യുമെന്ററികൾക്കു പുറമെ ഏഴു സിനിമകളേ (പിറവി, സ്വം , വാനപ്രസ്ഥം, നിഷാദ്, കുട്ടി സ്രാങ്ക് , സ്വപാനം , ഓള് ) സംവിധാനം ചെയ്തുള്ളൂ. ഇനിയും ചെയ്യാൻ ബാക്കിയുണ്ടായിരുന്നു. സമ്മർദ്ദത്തിനു വഴങ്ങി പല ഉത്തരവാദിത്വങ്ങളും ചുമലിലേറ്റി. ഛായാഗ്രാഹകനെന്ന നിലയിൽ ദേശീയ പ്രശസ്തനായി നിൽക്കുമ്പോഴാണ് സംവിധാനത്തിലേക്ക് വഴി തിരിഞ്ഞത്. പക്ഷെ,​ മറ്റു പല ഛായാഗ്രഹകരെയും പോലെ സംവിധാനം ചെയ്ത സിനിമകൾക്കൊന്നും സ്വയം ക്യാമറ ചലിപ്പിക്കാൻ മുതിർന്നില്ല. ഏതു കാര്യം ചെയ്താലും അതിലൊരു പെർഫെക്ഷൻ വേണമെന്ന് നിർബന്ധമായിരുന്നു. ഇനി എത്രയോ ചിത്രങ്ങൾ വരേണ്ടതായിരുന്നു. മലയാള സിനിമയുടെ നിലവാരം ഉയർത്താനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമുള്ള വിശ്രമമില്ലാത്ത ഓട്ടത്തിൽ സ്വന്തം സിനിമകൾക്കായി മാറ്റിവയ്ക്കാൻ സമയമില്ലായിരുന്നു!

എത്ര വേഗമാണ് അദ്ദേഹം മടങ്ങിയത്. മലയാള സിനിമയെന്നല്ല; ഇന്ത്യൻ സിനിമ തന്നെ ഷാജി എൻ. കരുണിൽ നിന്ന് ഇനിയും പലതും പ്രതീക്ഷിച്ചിരുന്നു. പക്ഷേ,​ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റ്... അങ്ങനെ ഔദ്യോഗിക പദവികൾ. ഇന്ത്യയിലാദ്യമായി ചലച്ചിത്ര അക്കാഡമി രൂപീകരിച്ചത് ഷാജിയുടെ നേതൃത്വത്തിൽ കേരളത്തിലായിരുന്നു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം മികച്ച രീതിയിൽ സംഘടിപ്പിച്ചു. മൂന്നുവർഷം മുമ്പുവരെയും ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ 'ഇഫി"യുടെ സിഗ്‌നേച്ചർ ഫിലിം ഷാജിയുടേതായിരുന്നു. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ എന്ന നിലയിൽ ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റായി പ്രവർത്തിക്കുമ്പോഴും സിനിമാനയം രൂപീകരിക്കാനുള്ള കമ്മിറ്റിയുടെ നേതൃത്വം ഷാജിക്കായിരുന്നു.

പ്രവർത്തിച്ച മണ്ഡലങ്ങളിലെല്ലാം ഒരുപോലെ തിളങ്ങി. പക്ഷേ,​ ഈ ഭാരിച്ച ഉത്തരവാദിത്വങ്ങൾ പുതിയൊരു കലാ സൃഷ്ടിക്കായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ തടസപ്പെടുത്തിയെന്നതാണ് സത്യം. ടി.പത്മനാഭന്റെ 'കടൽ", പി. പത്മരാജന്റെ 'മഞ്ഞുകാലം നോറ്റ കുതിര", അമൃതാ ഷെർഗിലിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ തുടങ്ങി ആസൂത്രണം ചെയ്ത പല പ്രോജക്ടുകളും ഔദ്യോഗിക തിരക്കുകൾ മൂലം നടക്കാതെ പോയി. ഷാജി എൻ. കരുണിന്റെ കലാ ജീവിതത്തിന് ശരിക്കു പറഞ്ഞാൽ മൂന്നു ഭാഗങ്ങളുണ്ട്. അരവിന്ദനൊപ്പം ഛായാഗ്രeഹകനായി പ്രവർത്തിച്ച കാലം, സംവിധായകനായ കാലം, സിനിമ എന്ന കലാസൃഷ്ടിയുടെ വളർച്ചയ്ക്കായി വിനിയോഗിച്ച കാലം. അതിനാണ് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചതും.

എം.ബി.ബി.എസ് പ്രവേശനം ഉപേക്ഷിച്ച് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമറ്റോഗ്രഫി ഗോൾഡ് മെഡലോടെ പാസായി,​ ചലച്ചിത്ര രംഗത്തേക്ക് കാൽവച്ചു. മധു അമ്പാട്ടുമായി ചേർന്ന് ഛായാഗ്രഹണ ജോലികൾ ചെയ്തു.

പിന്നീട് 'ലക്ഷ്മീവിജയം" എന്ന,​ കെ.പി. കുമാരന്റെ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. അതിന്റെ പ്രവർത്തനങ്ങൾക്കായി മദ്രാസിലെത്തിയപ്പോഴാണ് വിഖ്യാത സംവിധായകൻ ജി. അരവിന്ദനെ പരിചയപ്പെടുന്നത്. 'കാഞ്ചനസീത"യിൽ തുടങ്ങിയ ആ ബന്ധം ലോകസിനിമയ്ക്കു തന്നെ വലിയ സംഭാവന നൽകി. 'തമ്പ്" എന്ന ചിത്രം ഷാജിക്ക് ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്തു. പിന്നീട് ആ ചിത്രം റീസ്റ്റോർ ചെയ്ത് കാനിൽ പ്രദർശിപ്പിച്ചു. അരവിന്ദന്റെ മികച്ച സൃഷ്ടികളുടെയെല്ലാം മുഖ്യ ആകർഷണമായിരുന്നു ഷാജിയുടെ ഛായാഗ്രഹണം. പരസ്പരപൂരകമായിരുന്നു ആ ബന്ധം.

ആ കാലം പിന്നിട്ടപ്പോഴാണ് ഷാജി സംവിധാനത്തിലേക്ക് കടക്കുന്നത്. 'പിറവി" ശരിക്കും ഒരു യുഗപ്പിറവി തന്നെയായിരുന്നു. ഇത്രയും പ്രമുഖമായ അന്തർദ്ദേശീയ അംഗീകാരങ്ങൾ നേടിയ മറ്റൊരു ഇന്ത്യൻ ചിത്രമില്ല. പിന്നാലെ വന്ന സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളും കാനിൽ തുടർച്ചയായി പ്രദർശിപ്പിച്ചു. മറ്റൊരു ഇന്ത്യൻ ചലച്ചിത്ര സംവിധായകന്റെയും സിനിമ തുടർച്ചയായി ഇങ്ങനെ പ്രദർശിപ്പിച്ചിട്ടില്ല. ഷാജി എൻ. കരുണിന് ഉചിതമായ സ്മാരകം തിരുവനന്തപുരത്ത് നിർമ്മിക്കുമെന്ന് സാംസ്കാരിക വകുപ്പു മന്ത്രി പറഞ്ഞിരുന്നു. സിനിമയുടെ കലാപരമായ വളർച്ചയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യനെ വേണ്ട രീതിയിൽ ആദരിച്ചോ? സംശയമാണ്.

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രമുഖമായ ഒരു അവാർഡ് ഏർപ്പെടുത്താമായിരുന്നു. 'കൈരളി"ക്കു മുന്നിൽ അർദ്ധകായ പ്രതിമ സ്ഥാപിക്കാമായിരുന്നു. ഇനിയും സമയമുണ്ട്. തൃശൂരിൽ ഷാജി സാറിനെ അനുസ്മരിക്കുന്ന പരിപാടികൾ ഏപ്രിൽ-30 ന് ആസൂത്രണം ചെയ്തിട്ടുണ്ട്. തൃശൂർ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി അവാർഡും ഏർപ്പെടുത്തിയിരുന്നു. നല്ല കാര്യം. 28-ന് പുരോഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരത്ത് അനുസ്മരണ പരിപാടി നടത്തുന്നുണ്ട്. ഷാജി എൻ.കരുണിന്റെ പ്രവർത്തന കേന്ദ്രം തിരുവനന്തപുരമായിരുന്നു. ഇവിടെയാണ് അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമ്മിക്കേണ്ടത്.