''നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് സത്യത്തിൽ എന്തുസംഭവിച്ചു? ഇപ്പോൾ മുപ്പതിന് മുകളിൽ പ്രായമുള്ളവരൊക്കെ അവരുടെ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിൽ പാട്ടുപോലെ പറഞ്ഞിരുന്ന ഒരു സംഭവമായിരുന്നു ഡി.പി.ഇ.പി. ഇപ്പോൾ ആർക്കെങ്കിലും അത് ഓർമ്മയുണ്ടോ? 1994-ൽ ഇന്ത്യയിൽ കേന്ദ്രീകൃത പദ്ധതിയായി ആരംഭിച്ച ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി - District Primary Education Program, ലിംഗ,സാമൂഹിക അസമത്വങ്ങൾ കുറയ്ക്കുന്നതിനൊപ്പം പ്രവേശനം,നിലനിർത്തൽ,പഠനനേട്ടങ്ങൾ എന്നിവ മെച്ചപ്പെടുത്തി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സാർവത്രിക വൽക്കരണം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്.എന്നിട്ടെന്തായി?അതുപിൻതുടർന്ന് പഠിച്ചവർ പൊതുപരീക്ഷകളെഴുതിയപ്പോൾ എല്ലാവരും ജയിച്ചു, തോല്ക്കാനായിരുന്നു പ്രയാസം! അന്ന് ചിലർ കളിയാക്കി പറഞ്ഞിരുന്നു: 'ദരിദ്രപിള്ളേരെ എങ്ങനെയും പഠിപ്പിക്കാം!(ഡിപിഇപി)". കഷ്ടം അല്ലേ?
സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനം മെരിറ്റ് മാനദണ്ഡമാക്കിയാണ്. സർക്കാർ എയഡഡ് സ്കൂളുകളിൽ, യോഗ്യതയുള്ളവരിൽ കൂടുതൽ പണം ബന്ധപ്പെട്ട മാനേജർക്ക് കൊടുക്കുന്ന ആളിന് നിയമനം! അപ്രകാരം മാനജർമാർ നിയമിച്ചാലും,ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ കൊടുത്തുകൊള്ളും.അൺ എയ്ഡഡ് സ്കൂളുകളിലോ? മിക്ക അദ്ധ്യാപകർക്കും,നിശ്ചിത യോഗ്യതയില്ലയെന്ന് അവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കൾക്കറിയില്ലെങ്കിലും,മറ്റെല്ലാവർക്കും അതറിയാം!പൊതുവിദ്യാലയങ്ങളിലോ,കുട്ടികളെ കിട്ടാത്തതിനാൽ അദ്ധ്യാപകർ കുട്ടികളെ പിടിക്കാൻ നടക്കുന്നു! ഒരു കാര്യം കൂടി പ്രസക്തമാണ്: എത്ര സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ മക്കൾ അൺഎയ്ഡഡ് സ്കൂളുകളിൽ പഠിച്ചിരുന്നു അഥവാ ഇപ്പോഴും പഠിക്കുന്നു!"" ഇപ്രകാരം പറഞ്ഞുകൊണ്ട്,പ്രഭാഷകൻ സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും ഒരു കൗതുക വർത്തമാനം കേൾക്കുന്ന മനസോടെയിരിക്കുന്ന കാഴ്ചയാണ് കണ്ടത്.
എല്ലാവരേയും വാത്സല്യപൂർവം നോക്കി പ്രഭാഷകൻ ഇപ്രകാരം തുടർന്നു: ''ലോവർ പ്രൈമറി ക്ലാസുകൾ കഴിയുമ്പോൾ തന്നെ, കുട്ടികൾ മാതൃഭാഷയിൽ എഴുതാനും വായിക്കാനും കഴിഞ്ഞിരുന്നത്ര നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിലുണ്ടായിരുന്നു! നമുക്കെങ്ങനെ അതുനഷ്ടമായിയെന്നതിനെപ്പറ്റി വിദ്യാഭ്യസവകുപ്പ് അമ്മാനമാടിയവർ ആരെങ്കിലും അന്വേഷിച്ചാൽ, ആ ചൂണ്ടുവിരൽ അമ്മാനമാട്ടക്കാരിലേക്കു തന്നെ നീളില്ലേ? അന്ന് മൂന്നാം ക്ലാസ് മുതലായിരുന്നു, മലയാളം മീഡിയത്തിലെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങിയിരുന്നത്.പലരും പിന്നീട്, ഇംഗ്ലീഷുകാരേക്കാൾ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നവരായി മാറി. അഞ്ചാം ക്ലാസുമുതൽ ഹിന്ദി പഠിച്ചു തുടങ്ങിയവർ,അത് മാതൃഭാഷയായുള്ളവരേക്കാൾ സുന്ദരമായി ഹിന്ദിയിൽ മികവുകാണിക്കുന്നതും കണ്ടിട്ടുണ്ട്.നാലാം ക്ലാസിലെ 'പൂക്കാലം" എന്ന പാഠഭാഗം, കുമാരനാശാന്റെ 'പുഷ്പവാടി"യിൽ നിന്നെടുത്തതായിരിന്നു: 'പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി, പൂക്കുന്നുതേന്മാവു, പൂക്കുന്നശോകം; വായ്ക്കുന്നുവേലിക്കുവർണ്ണങ്ങൾ, പൂവാൽ ചോക്കുന്നു കാടന്തിമേഘങ്ങൾപോലെ". കുമാരനാശാനെ പരിചയപ്പെടുത്തി, ഈ പാഠഭാഗം ഞങ്ങൾക്ക് ഹൃദ്യസ്ഥമാക്കി തന്ന സുശീല ടീച്ചറിന് അൻപത്തിയഞ്ചുവർഷങ്ങൾക്കുശേഷമൊരു ഹൃദയനമസ്ക്കാരം!. ആരായിരുന്നു ഉള്ളൂർ, വള്ളത്തോൾ എന്നുകൂടി ടീച്ചർ ഞങ്ങളെ പഠിപ്പിച്ചു.ഇന്നത്തെ നമ്മുടെ ഓമനക്കിടാങ്ങളോട്, 'മലയാളത്തിലെ കവിത്രയങ്ങളാരാണ് "എന്നുചോദിച്ചാൽ,'കവിത്രയങ്ങളോ, അതാരാ"യെന്ന മറുചോദ്യം ചോദിക്കാൻ എല്ലാ സാധ്യതയുമുണ്ടല്ലോ! ഇന്നത്തെ യുവ അദ്ധ്യാപകരിൽ കുറച്ചുപേരെങ്കിലും ഇതിന് ശരിയുത്തരം പറയുമായിരിക്കുമല്ലേ! പെർസി ബൈഷെ ഷെല്ലി (P.B.Shelley) എന്ന് കേട്ടിട്ടില്ലാത്തവരുണ്ടെങ്കിൽ, കേട്ടോളു: തീവ്രമായ ഭാവനയും കാല്പനികതയും (Romanticism & Imagination)ലോകത്തിന് പരിചയപ്പെടുത്തിയ ഷെല്ലിയുടെ കവിതകൾ വിശ്വസാഹിത്യമാണ്.പ്രത്യാശയോടെ അദ്ദേഹം ചോദിച്ചു: ' If Winter comes, can Spring be far behind?" അതെ, കഷ്ട(ശൈത്യ)കാലം വന്നാൽ വസന്തകാലം അകലെയാണോ? നമ്മുടെ കുഞ്ഞുങ്ങളെ, അധികാരപ്പെട്ടവർ ഇനിയെങ്കിലും രക്ഷിക്കില്ലേ?"" ഇപ്രകാരം പ്രഭാഷകൻ നിർത്തിയപ്പോൾ, സദസ്യരിൽ പലരുടേയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.