തിരഞ്ഞെടുപ്പ് പരിശോധന കഴിഞ്ഞു.......... സടകുടഞ്ഞ് ഉണർന്ന് ലഹരിക്കടത്തുകാർ
കോട്ടയം : ഒരുമാസത്തോളം നിയമസഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് മുക്കിനും മൂലയിലുമുള്ള പരിശോധന ഭയന്ന് പിൻവാങ്ങിയ ലഹരിസംഘം സടകുടഞ്ഞുണർന്നു. സ്‌കൂൾ തുറക്കാറായതോടെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്താൻ സംഘം ഒരുങ്ങാനുള്ള സാദ്ധ്യത മുന്നിൽക്കാണുകയാണ് പൊലീസ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് നിരീക്ഷകരുൾപ്പെടെ പൊലീസ് സഹായത്തോടെ വാഹന പരിശോധന കർശനമാക്കിയിരുന്നു. കള്ളപ്പണം കണ്ടെടുക്കാനായിരുന്നു പ്രധാന പരിശോധനയെങ്കിലും ലഹരിയടക്കം മുൻകാലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലഹരി മാഫിയ മാളത്തിലൊളിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരിശോധന നിർജ്ജീവമായതോടെ കഞ്ചാവടക്കം ജില്ലയിലേക്ക് ഒഴുകുകയാണ്. പത്താം ക്ളാസുകാർക്ക് മേയിൽ ക്ളാസുകൾ ആരംഭിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അവധിക്കാല തിരക്കിലാണ്. ജൂണിൽ അദ്ധ്യയനവർഷം തുടങ്ങും. വൻതോതിൽ ലഹരിയെത്താനുള്ള സാദ്ധ്യത രഹസ്യാന്വേഷണ വിഭാഗവും തള്ളിക്കളയുന്നില്ല.
പകൽച്ചൂട് അവസരമാക്കി
പകൽച്ചൂട് അസഹ്യമായതിനാൽ എല്ലായിടത്തും വാഹന പരിശോധനയും കാര്യക്ഷമമല്ല. പ്രധാന വഴികളിലൊന്നും തണലില്ല. പകൽ മണിക്കൂറുകളോളം വാഹന പരിശോധന നടത്തുന്നതും ബുദ്ധിമുട്ടാണ്. ഇരുചക്ര വാഹനയാത്രക്കാരെ തുറസായ സ്ഥലങ്ങളിലും പരിശോധിക്കുന്നതും ബുദ്ധിമുട്ടാണ്. ഈ സാഹചര്യങ്ങളെല്ലാം ലഹരിക്കടത്തുകാർ അവസരമാക്കുകയാണ്.
നിരീക്ഷിക്കാൻ നിർദ്ദേശം
സ്ഥിരം കഞ്ചാവ് കച്ചവടക്കാർ, ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ എന്നിവരടക്കമുള്ളവരെ നിരീക്ഷിക്കുന്നുണ്ട്. വിദേശത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവും അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവും എത്തിക്കുന്നുണ്ട്. അസം അടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യാൻ പോയ ഭായിമാർ തിരികെ വരുമ്പോൾ കഞ്ചാവുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസും എക്സൈസും. അന്യസംസ്ഥാനങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് എത്തിക്കാൻ ഭായിമാരുടെ പ്രത്യേക സംഘമുണ്ട്.
നാർകോ കോ-ഓർഡിനേഷൻ സെന്റർ യോഗ തീരുമാനം
സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയാൻ കർശന നടപടി
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ ലഹരി ഉത്പന്നങ്ങളുടെ വില്പന പാടില്ല
വിദ്യാർഥികൾക്കായി വൈദ്യ പരിശോധനാ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും
കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കൗൺസലിംഗ് നൽകും
ജില്ലയിലെ ഡ്രഗ് ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി ഇവിടങ്ങളിൽ കൂടുതൽ പരിശോധന
കൊറിയർ സർവീസ് വഴി ലഹരി ഉത്പന്നങ്ങൾ എത്താനുള്ള സാദ്ധ്യതയടക്കം നിരീക്ഷിക്കും
ജില്ലയിലെ ലഹരി മോചന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും
'' ലഹരിക്കടത്ത് തടയാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം കർശനമാക്കും.
ജില്ലാ നർക്കോട്ടിക് സെൽ