മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദുരിതം....... തൊണ്ട നനയ്ക്കാൻ തുള്ളി വെള്ളമില്ല
കോട്ടയം : ദിനംപ്രതി ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ്. പക്ഷേ, പറഞ്ഞിട്ടെന്ത് പ്രയോജനം. കനത്തചൂടിൽ തൊണ്ട വരണ്ടാൽ തുള്ളി വെള്ളം കിട്ടില്ല. വാർഡിൽ രോഗികളുടെ കൂട്ടിരിപ്പുകാർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. വാർഡുകളിൽ ശുദ്ധമായ കുടിവെള്ള സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ല. ബാത്ത് റൂമിൽ ഉപയോഗിക്കുന്നതിനും, പാത്രം കഴുകുന്നതിനും പൈപ്പ് ലൈനിലൂടെ വെള്ളമെത്തും. ഇത് ക്ലോറിൻ കലർന്നതിനാൽ കുടിയ്ക്കാനാകില്ല. ആശുപത്രിയ്ക്ക് സമീപത്തെ ഹോട്ടലുകളേയും തട്ടുകടകളേയുമാണ് ചൂടുള്ള കുടിവെള്ളത്തിനായി സമീപിക്കേണ്ട ഗതികേടാണ്. പാചകവാതക ക്ഷാമം നേരിടുന്നതിനാൽ ചൂടുവെള്ള വിതരണത്തിന് ഭക്ഷണശാലകൾ മടിക്കുകയാണെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു.
വിലയ്ക്ക് വാങ്ങണം, പണമില്ല
പണം കൊടുത്തു വാങ്ങാൻ കഴിയാത്ത നിരവധി രോഗികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ബഹുഭൂരിപക്ഷം പേർക്കും സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണമാണ് ആശ്രയം. മെഡിക്കൽ കോളേജിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ്.
''രോഗികൾക്ക് ശുദ്ധജലവും ചൂടുവെള്ളവും ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഇവിടെയില്ല. വാർഡുകളിൽ കുടിവെള്ളം ഏർപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണം.
-കൂട്ടിരിപ്പുകാർ