ടോക്‌സിക്ക് തനിക്ക് ബഹുമതി എന്ന് ജെ. ജെ പെറി
റോക്കിംഗ് സ്റ്റാർ യാഷ് നായകനാകുന്ന 'ടോക്സിക്' സിനിമയിൽ പ്രവർത്തിക്കാൻ സാധിച്ചത് അഭിമാനകരമെന്ന് ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതിനൊപ്പമാണ് കുറിപ്പ്. നായകൻ യാഷിനെയും സംവിധായക ഗീതു മോഹൻദാസിനെയും മറ്റ് അണിയറ പ്രവർത്തകരെയും പ്രശംസിച്ചു. 'ഫ്രെയിമിനെയും പ്രേക്ഷകാനുഭവത്തെയും ശക്തമായി ബാധിക്കുന്ന, തീവ്രതയും ആക്ഷനും നിറഞ്ഞ സഹകരണം' എന്ന് സംവിധായക ഗീതു മോഹൻദാസ് ജെ.ജെ. പെറിയുമായുള്ള സഹകരണത്തെ വിശേഷിപ്പിച്ചു.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിപുലമാണെന്നും വലിയ ലക്ഷ്യത്തോടെയാണ് ഈ പ്രോജക്റ്റ് രൂപംകൊണ്ടതെന്നും, ഇന്ത്യൻ കഥകളെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് തന്റെ പ്രധാന ഉദ്ദേശമാണെന്നും യാഷ് പറഞ്ഞു. ചിത്രം ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്നതായും, ഇതിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി നേരിട്ട് ബന്ധപ്പെടാനാകുമെന്നും യാഷ് വ്യക്തമാക്കി. പ്രേക്ഷകർക്ക് പുതിയൊരു സിനിമാറ്റിക് അനുഭവം നൽകാനാണ് ശ്രമമെന്നും യാഷ് വ്യക്തമാക്കി. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജൂൺ 4ന് ലോകവ്യാപകമായി റിലീസ് ചെയ്യും.