രാഘവ് ഛദ്ദയടക്കമുള്ളവരെ അയോഗ്യരാക്കണം,​ രാജ്യസഭാ ചെയർമാന് കത്ത് നൽകി ആംആദ്‌മി പാർട്ടി

Friday 24 April 2026 8:44 PM IST

ന്യൂഡൽഹി : ബി.ജെ.പിയിൽ ചേർന്ന രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള മൂന്ന് എം.പിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ആംആദ്മി പാർട്ടി രാജ്യസഭാ ചെയർമാന് കത്ത് നൽകി. പാർട്ടി എം.പിമാർ ആയിരിക്കെ സ്ഥാനം രാജി വയ്ക്കാതെ മറ്റൊരു പാർട്ടിയിൽ ചേർന്നതോടെ മൂന്നുപേരും അയോഗ്യരായെന്ന് ആംആദ്മി വ്യക്തമാക്കി. എന്നാൽ ആകെയുള്ള 10 എം.പിമാരിൽ താൻ ഉൾപ്പെടെ ഏഴുപേർ പാർട്ടിവിട്ട് ബി.ജെ.പിക്ക് ഒപ്പമാണ് എന്നാണ് രാഘവ് ഛദ്ദയുടെ അവകാശവാദം. മൂന്നിൽ രണ്ട് എം.പിമാരും മാറുന്നതിനാൽ അയോഗ്യതാ ഭീഷണി ഇല്ലെന്നും രാഘവ് ഛദ്ദ പറയുന്നു.

നിലവിൽ രാഘവ് ഛദ്ദയ്ക്കൊപ്പം അശോക് മിത്തൽ ,​ സന്ദീപ് പഥക് എന്നിവരാണ് ബി.ജെ.പി ആസ്ഥാനത്ത് എത്തി അംഗത്വമെടുത്തത്. സ്വാതി മലിവാൾ,​ ഹർഭജൻ സിംഗ്,​ രാജീന്ദർ ഗുപ്ത,​ വിക്രംസാഹ്നി എന്നിവരും ബി.ജെപിയിൽ ചേരുമെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിയിൽ നിന്ന് ചില എംപിമാർ വിട്ടുനിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടിയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ആം ആദ്‌മി മാറ്റിയിരുന്നു. രാഘവ് ഛദ്ദ പാർട്ടി വിട്ട് ബിജെപിയിൽ പോവുകയാണെന്നും ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുകയാണെന്നുമുള്ള ശക്തമായ ആരോപണം ആം ആദ്‌മി ഉയർത്തിയിരുന്നു.

അരവിന്ദ് കേജ്‌രിവാളിനൊപ്പം പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു രാഘവ് ഛദ്ദ. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് സന്ദീപ് പഥക്. കെജ്‌രിവാൾ കഴിഞ്ഞാൽ പാർട്ടിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ജീവിതത്തിലെ 15 വർഷം ആം ആദ്‌മിക്കായി നൽകി. എന്നാൽ, പാർട്ടി ഇപ്പോൾ സത്യസന്ധതയിൽ നിന്ന് ഒരുപാട് അകന്നുപോയിരിക്കുന്നു എന്നാണ് രാഘവ് ഛദ്ദ പറഞ്ഞത്. തെറ്റായ പാർട്ടിയിലെ ശരിയായ ആളാണ് താനെന്നും, പാർട്ടിയിൽ നിന്ന് മാറി ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയാണെന്നും രാഘവ് പറഞ്ഞു. ഡൽഹിയിൽ അധികാരം നേടാൻ സഹായിച്ച അഴിമതി വിരുദ്ധ നിലപാടുകളിൽ നിന്ന് പാർട്ടി വ്യതിചലിച്ചുവെന്നും രാഘവ് പറഞ്ഞു.