പാനൂർ പൂക്കോത്ത് ഉഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബുകൾ കണ്ടെത്തി
പാനൂർ: പാനൂർ മേഖലയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകളും നാടൻ ബോംബും കണ്ടെത്തി. പാനൂരിനടുത്ത മേലെ പൂക്കോം ചിത്രവയൽ പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ കുഴിയെടുത്ത് രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.
രഹസ്യ വിവരത്തെ തുടർന്ന് പൊലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഇതിന് സമീപത്ത് കുട്ടികളടക്കമുള്ളവർ കളിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എസ്.ഐ പി.ആർ ശരത്ത്, എസ്.ഐ വി.പി മുഹമ്മദ് ഷജീർ, എ.എസ്.ഐ പ്രജിത്ത്, ബോംബ് സ്‌ക്വാഡ് എ.എസ്.ഐ ബിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കണ്ടെത്തിയ ബോംബുകൾ സുരക്ഷിതമായി വള്ള്യായി കരിങ്കൽ ക്വാറിയിൽ എത്തിച്ച് നിർവീര്യമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ബോംബുകൾ കണ്ടെത്തിയ സംഭവം പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.