വട്ടിയൂർക്കാവിൽ ബി.ജെ.പിക്ക് നഷ്‌ടപ്പെട്ടത് 16247 വോട്ടുകൾ, ആർ.എസ്.എസ് ഇടഞ്ഞത് പാരയായെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: ത്രികോണം മത്സരം പ്രതീക്ഷിച്ച വട്ടിയൂർക്കാവിൽ ബി.ജെ.പിയെയും യു.ഡി.എഫിനെയും മലർത്തിയടിച്ചുകൊണ്ടായിരുന്നു മേയർ വി.കെ പ്രശാന്ത് ഉജ്ജ്വല വിജയം നേടിയത്. ഒമ്പത് വാർഡ് കൗൺസിലർമാർ സ്വന്തമായുണ്ടായിരുന്ന ബി.ജെ.പിയ്‌ക്ക് വട്ടിയൂർക്കാവ് ഒരു ശക്തികേന്ദ്രം തന്നെയായിരുന്നു. എന്നാൽ 2016ൽ കുമ്മനം നേടിയതിനേക്കാൾ 16247 വോട്ടുകളാണ് സുരേഷ് രംഗത്തിറങ്ങിയപ്പോൾ താരമരയ്‌ക്ക് നഷ്‌ടമായത്. മണ്ഡലത്തിൽ വോട്ട് വിഹിതം വർദ്ധിപ്പിച്ച് എൽ.ഡി.എഫിനെ തറപറ്റിക്കാൻ കഴിഞ്ഞിരുന്ന ബി.ജെ.പിയ്‌ക്ക് ഇന്ന് നഷ്‌ടങ്ങളുടെ കണക്കുകൾ മാത്രം ബാക്കി.
ആർ.എസ്.എസ്, പ്രചരണത്തിൽ സജീവമാകാത്തതാണ് തോൽവിയ്‌ക്ക് പ്രധാനകാരണമായി ബി.ജെ.പി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ, സംഘത്തിന്റെ എതിർപ്പ് മറികടന്നാണ് ജില്ലാ അദ്ധ്യക്ഷൻ കൂടിയായ സുരേഷിനെ ബി.ജെ.പി കളത്തിലിറക്കിയത്. ആർ.എസ്.എസിനാകട്ടെ കുമ്മനം രാജശേഖരനോടായിരുന്നു ആഭിമുഖ്യവും. എന്നാൽ ഇതേ തുടർന്നുണ്ടായ വിവാദങ്ങൾ വലിയ തിരിച്ചടിയാണ് പാർട്ടിയ്‌ക്ക് നൽകിയിരിക്കുന്നത്.
കണക്കുകളെ എല്ലാം അസ്ഥാനത്താക്കുന്നതാണ് വട്ടിയൂർക്കാവിൽ ബി.ജെ.പിയുടെ പ്രകടനം. 2016ൽ കുമ്മനം 43700 വോട്ടുകൾ നേടിയ സ്ഥാനത്തിപ്പോൾ സുരേഷിന് നേടാൻ കഴിഞ്ഞത് 27453 വോട്ടുകൾ മാത്രമാണ്. ഈ കണക്കുകൾ തമ്മിലുള്ള അന്തരമാണ് ബി.ജെ.പി നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. 2011 ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വട്ടിയൂർക്കാവിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ ബി.ജെ.പിയ്‌ക്ക് കഴിഞ്ഞിരുന്നു. അതിൽ ആർ.എസ്.എസിന്റെ കലവറയില്ലാത്തെ പിന്തുണയും അവർക്ക് ലഭിച്ചിരുന്നു. സംസ്ഥനത്തെ തന്നെ വിജയസാധ്യതയുള്ള മണ്ഡലമായി ബി.ജെ.പിയ്‌ക്ക് മുന്നിൽ വട്ടിയൂർക്കാവ് മാറുകയായിരുന്നു.
എന്നാൽ ഇന്ന് കഥ മാറിയിരിക്കുന്നു. വി.കെ പ്രശാന്ത് എന്ന ജനകീയ മുഖത്തെ ഇറക്കി ഇടതുപക്ഷം ആ കുത്തക തകർത്തുകഴിഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ബാക്കിനിൽക്കെ, പാഠം ഇനിയും പഠിച്ചില്ലെങ്കിൽ പ്രതീക്ഷയുള്ള ഒരു മണ്ഡലത്തിൽ കൂടി താമര വാടുമെന്ന് ഉറപ്പാണ്.