സ്നേഹവീടിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജി.സുധാകരൻ

Saturday 25 April 2026 2:19 AM IST

അമ്പലപ്പുഴ: അശരണർക്ക് കൈത്താങ്ങായി സ്നേഹവീട് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ജീവകാരുണ്യ മേഖലയിൽ അമ്പലപ്പുഴയ്ക്ക് വലിയ സംഭാവനകളാണ് സ്ഥാപനം നൽകുന്നതെന്നും മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു. കാരുണ്യപ്രവർത്തനങ്ങളുടെ അഞ്ചുവർഷം പിന്നിടുന്ന സ്നേഹവീട് അഭയകേന്ദ്രത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ ആരിഫ് അടൂർ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ സ്നേഹവീടിന്റെ രക്ഷാധികാരി സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ.മറിയ ഉമ്മൻ മുഖ്യാതിഥിയായി. ഉമ്മൻചാണ്ടി പകർന്നുനൽകിയ സേവനത്തിന്റെ മാതൃകകൾ പിന്തുടർന്ന് സ്നേഹവീടിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അവർ പറഞ്ഞു. ചടങ്ങിൽ അമ്പലപ്പുഴയിലെ കാരുണ്യ പ്രവർത്തകരായ യു.എം.കബീർ, സജു പാർത്ഥസാരഥി, പ്രീതി, ജോർജ് കുട്ടി, ഹസീന നൗഷാദ്, അഖിൽ കരുമാടി എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. ജി.സുധാകരൻ, ഡോ.മറിയ ഉമ്മൻ എന്നിവരെ സ്നേഹവീടിന്റെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് ജില്ലാപഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം, വാർഡ് മെമ്പർമാരായ മനോജ് കുമാർ, ഷഹാന മജീദ്, ബിന്ദു ബൈജു, സ്നേഹവീട് കുടുംബാംഗം സജികുമാർ എന്നിവർ സംസാരിച്ചു. ട്രസ്റ്റി ആഷിഖ് മുഹമ്മദ് നന്ദി പറഞ്ഞു. സ്നേഹവീട് കുടുംബാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.