ലോഡ്ജിൽ കയറി ആക്രമണം: പ്രതി അറസ്റ്റിൽ

Saturday 25 April 2026 2:29 AM IST

ആലുവ: 62കാരനെ ലോഡ്ജിൽ കയറി ആക്രമിച്ച കേസിൽ കരുമാല്ലൂർ ഡയമണ്ട് മുക്ക് പഴമ്പിള്ളിശേരി വീട്ടിൽ അമ്പാടി ഗോപാലകൃഷ്ണനെ (48) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തുരുത്തിപ്പുറം സ്വദേശി രാജേന്ദ്രപ്രസാദാണ് നവംബർ 19ന് പുലർച്ചെ ആലുവ ബ്രിഡ്ജ് റോഡിൽ കല്ലിങ്കൽ ബിൽഡിംഗിലെ ലോഡ്ജിൽ ആക്രമിക്കപ്പെട്ടത്. നവമാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം.

കൂട്ടുപ്രതിയും ബന്ധുവുമായ ഉമ ശങ്കറിനെ നേരത്തെ അട്ടപ്പാടി അഗളിയിൽ നിന്നും പിടികൂടിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതുമായി ബന്ധപ്പെട്ട് രാജേന്ദ്രപ്രസാദിനെതിരെയും നിരവധി കേസുകളുണ്ട്. സംഭവം നടന്നതിന് പിന്നാലെ പൊലീസിന് നൽകിയ മൊഴിയിൽ കോൺഗ്രസിലെ ഒരു വിഭാഗമാണ് തന്നെ മർദ്ദിച്ചതെന്നാണ് രാജേന്ദ്രപ്രസാദ് ആരോപിച്ചിരുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഘട്ടമായതിനാൽ ഇടതുപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. എന്നാൽ കേസിൽ പിടിയിലായ രണ്ടുപേരും രാജേന്ദ്രപ്രസാദിന്റെ ബന്ധുക്കളാണ്. കേസിന് രാഷ്ട്രീയമായി ബന്ധമില്ല. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ആലുവ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാർ, എസ്.ഐ ജോസി എം.ജോൺസൺ, എ.എസ്.ഐ നൗഷാദ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഷാഹിൻ എന്നിവർ ഉണ്ടായിരുന്നു.