ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, 2 പേർ അറസ്റ്റിൽ
ലക്‌നൗ: പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ ഡൽഹിയിലും ഉത്തർപ്രദേശിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേർ അറസ്റ്റിൽ. യു.പി ബാഗ്പത് സ്വദേശി ഹിസ്ബുള്ള അലി ഖാൻ എന്ന തുഷാർ ചൗഹാൻ (20), ഡൽഹി സ്വദേശി സമീർ ഖാൻ(20)എന്നിവരെയാണ് യു.പി ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) പിടികൂടിയത്. പിസ്റ്റൾ, 5 വെടിയുണ്ടകൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
ഡൽഹിയിലും ഉത്തർപ്രദേശിലും ഗ്രനേഡ് ആക്രമണം നടത്താനാണ് നിർദേശം ലഭിച്ചതെന്ന് തുഷാർ ചൗഹാൻ വെളിപ്പെടുത്തിയതായി വിവരം. രാഷ്ട്രീയ സംഘടനകളുടെ ഓഫീസുകളെയും വ്യക്തികളെയും ഉന്നമിട്ടു. അരലക്ഷം രൂപ മുൻകൂറായും രണ്ടരലക്ഷം പദ്ധതി വിജയകരമായി പൂർത്തിയാക്കിയാലുടനും നൽകുമെന്നമായിരുന്നു വാഗ്ദാനം. പാകിസ്ഥാനിൽ അഭയം നൽകാമെന്നും ഉറപ്പ് നൽകി.
പാക് അധോലോക നേതാക്കളായ ഷഹ്സാദ് ഭട്ടി, ആബിദ് ജാട്ട് എന്നിവരുമായി ഇൻസ്റ്റാഗ്രാം വഴി തുഷാർ ആശയവിനിമയം നടത്തിയിരുന്നു
ഐ.എസ്.ഐ ഏജന്റുമാരെന്ന് കരുതുന്ന മേജർ ഹമീദ്, മേജർ ഇഖ്ബാൽ, മേജർ അൻവർ എന്നിവരും ആസൂത്രണത്തിൽ പങ്കുചേർന്നു